തൃശ്ശൂരിൽ കാറും ടോറസും കൂട്ടിയിടിച്ച് രണ്ടുമരണം

accident-alappuzha

പെരുമ്പിലാവ് : പെരുമ്പിലാവിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് കാറിൽ സഞ്ചരിച്ച രണ്ടുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കോതമംഗലം ഊന്നുകൽ തലക്കോട് മൂലേത്തൊട്ടിയിൽ മരക്കാരിന്റെ മകൻ ഷംസുദ്ദീൻ (ഷംസ് -47), നേര്യമംഗലം തലക്കോട് പടിഞ്ഞാറെക്കര അരുൺ ജോസഫ് (തങ്കച്ചൻ -63) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കോതമംഗലം പുത്തൻകുരിശ് സ്രാമ്പിക്കൽ ജോണിന്റെ മകൻ എൽദോസിനെ (42) കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചക്കുശേഷം 2.30ഓടെ പട്ടാമ്പി റോഡിൽ റേഷൻ കടക്ക് സമീപമായിരുന്നു അപകടം. മരക്കച്ചവടക്കാരനായ ഷംസുദ്ദീന്റെ കാറാണ് അപകടത്തിൽപെട്ടത്. കൂടെയുണ്ടായിരുന്നവർ തൊഴിലാളികളാണ്. മലപ്പുറം കൊളത്തൂരിൽ മരം ഇറക്കിവരുന്ന വഴിയിലായിരുന്നു അപകടം. പെരുമ്പിലാവിൽനിന്ന് ചാലിശ്ശേരിക്ക് പോകുകയായിരുന്ന ടോറസ് ലോറിയാണ് എതിർദിശയിൽനിന്നുവന്ന കാറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണമായി തകർന്നു. അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. രണ്ടുപേരും സംഭവസ്ഥലത്ത് മരിച്ചു.

അപകടസമയത്ത് ഷംസുദ്ദീനാണ് ഓടിച്ചിരുന്നത്. മറ്റൊരു വാഹനത്തെ മറികടന്ന കാർ ടോറസിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസും ദൃക്സാക്ഷികളും വ്യക്തമാക്കി. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പെരുമ്പിലാവിൽ സംഭവം നടന്നിടത്ത് ഒര മാസത്തിനകം അഞ്ച് അപകടങ്ങൾ നടന്നിരുന്നു.

Share this story