തിരുവനന്തപുരത്ത് വാടകവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: ആറ്റുകാലിൽ വാടകവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല സ്വദേശിനി ആരതി(26)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.
ഒന്നരവർഷം മുൻപായിരുന്നു ആരതിയുടേയും അതുലിന്റേയും വിവാഹം. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.
അൻപത് പവൻ സ്വർണം വിവാഹ സമയത്ത് കുടുംബം ആരതിക്ക് നൽകിയിരുന്നു. അതുൽ പലഘട്ടത്തിലായി ഇത് പണയം വെയ്ക്കുകയും ഏറ്റവും ഒടുവിൽ എട്ട് ലക്ഷം രൂപയ്ക്ക് സ്വർണം വിൽക്കുകയും കാർ വാങ്ങുകയും ചെയ്തിരുന്നു. ഇതെല്ലാം ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമായിരുന്നു. പിന്നീട് പണം ആവശ്യപ്പെട്ടും അതുൽ ആരതിയെ ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങൾ ആരതി അമ്മയ്ക്ക് അയച്ചുനൽകിയിരുന്നു.
ഇന്നലെ രാത്രി അതുലും ആരതിയും വഴക്കുണ്ടാക്കിയിരുന്നു. പിന്നാലെ അതുൽ വീട്ടിൽ നിന്നും ഇറങ്ങിയതോടെ അതുല്യ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.
.jpg)

