പരിക്കേറ്റ് ചികിത്സയിലായിരുന്ന തെയ്യം കലാകാരൻ അന്തരിച്ചു

Artist Theyam, who was undergoing treatment for injuries, passed away

പേരാമ്പ്ര:  പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത തെയ്യംകലാകാരനും ഫോക്ലോര്‍ അക്കാദമി പുരസ്‌കാരജേതാവുമായ ആവള മഠത്തില്‍മുക്ക് ചാലിയനകണ്ടി ശിവദാസന്‍ (57) അന്തരിച്ചു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ചെറുവണ്ണൂരില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. തെയ്യം കലാകാരനും ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ പരേതനായ ആണ്ടിപ്പണിക്കരുടെ മകനാണ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 40-ഓളം ക്ഷേത്രങ്ങളില്‍ തെയ്യം കെട്ടിയാടിയിട്ടുണ്ട്. തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചര്‍ പുരസ്‌കാരം, കലാനിധി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.


 ഗുളികന്‍, കുട്ടിച്ചാത്തന്‍, വസൂരിമാല, നാഗകാളി... എന്നിങ്ങനെ തെയ്യപ്രേമികളുടെ ഓര്‍മയില്‍ ആവളയിലെ സി.കെ. ശിവദാസന്‍ അനശ്വരമാക്കിയ എത്രയോ വേഷങ്ങളുണ്ട്. പിതാവ് പ്രശസ്ത തെയ്യം കലാകാരനായ ആണ്ടി പണിക്കരുടെ പാരമ്പര്യം മികവോടെ കാക്കാന്‍ ശിവദാസനായി. കുട്ടിക്കാലത്ത് അച്ഛനില്‍നിന്നാണ് തെയ്യം കലയിലെ ബാലപാഠങ്ങള്‍ പഠിച്ചുതുടങ്ങിയത്. പിന്നീട് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി നാല്പതോളം ക്ഷേത്രങ്ങളില്‍ തെയ്യം കെട്ടിയാടിയിട്ടുണ്ട്.

തെയ്യംകലയിലെ മികവിന് ഫോക്ലോര്‍ അക്കാദമി പുരസ്‌കാരമടക്കം ഒട്ടേറെ അംഗീകാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. നിയമസഭയുടെ 60-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ശിവദാസന്‍ ആദരമേറ്റുവാങ്ങിയിരുന്നു. രാജ്യത്തിനകത്ത് വിവിധ സ്ഥലങ്ങളിലും ബഹ്റൈന്‍, മസ്‌കറ്റ്, മലേഷ്യ, സിങ്കപ്പൂര്‍ എന്നിങ്ങനെ വിദേശരാജ്യങ്ങളിലും തെയ്യമവതരിപ്പിച്ചു. തെയ്യം കലയെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച കലാകാരനാണ്.

ആവള എടവരാട് ഈശ്വരന്‍ കൊയിലോത്ത് ക്ഷേത്രത്തില്‍ ഏറെക്കാലമായി പ്രധാന തെയ്യംകെട്ടുകാരനായിരുന്നു. ചെണ്ടക്കൊട്ടിലും തോറ്റംപാട്ടിലും ഓട്ടന്‍തുള്ളലിലുമെല്ലാം പ്രാവീണ്യമുണ്ടായിരുന്ന ശിവദാസന്‍, കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ കലാപരിശീലനക്ലാസും എടുത്തിട്ടുണ്ട്. ഓണക്കാലത്ത് കൈമണി കിലുക്കി നാട്ടിടവഴികളിലൂടെ വരുന്ന ഓണപ്പൊട്ടനായും ആവളക്കാരുടെ മനസ്സില്‍ ശിവദാസനുണ്ട്. മാനവ കലാവേദിയുടെ പ്രധാന പ്രവര്‍ത്തകനായിരുന്നു.

അമ്മ: പരേതയായ ചെറിയ അമ്മ. ഭാര്യ: ജിഷ(സര്‍ക്കാര്‍ കുടുംബാരോഗ്യകേന്ദ്രം, നടുവണ്ണൂര്‍). മക്കള്‍: ഡോ. ദൃശ്യദാസ്, അക്ഷയ്ദാസ്, മരുമകന്‍: രജീഷ് (ഇരിട്ടി), സഹോദരി: ഉഷ (നഴ്സിങ് അസിസ്റ്റന്റ്, സി.എച്ച്.സി. കുന്നുമ്മല്‍).

Tags