കമ്പനി വെബ്‌സൈറ്റില്‍ കുറിപ്പെഴുതി ജീവനൊടുക്കി ടെക്കി; ഉത്തരവാദി ഭാര്യയെന്ന് ആരോപണം

student death
student death

മുംബൈ: മുംബൈയില്‍ ടെക്കിയെ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച സഹാറ ഹോട്ടലിലാണ് 41കാരനായ നിഷാന്ത് ത്രിപാഠിയെന്ന ഐടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തത്. ജോലി ചെയ്യുന്ന കമ്പനിയുടെ വെബ്‌സൈറ്റില്‍ ആത്മഹത്യ കുറിപ്പെഴുതിയതിന് ശേഷമാണ് ആത്മഹത്യ.

തന്റെ മരണത്തിനുത്തരവാദി ഭാര്യയും അവരുടെ അമ്മായിയുമാണെന്ന് യുവാവ് അപ്‌ലോഡ് ചെയ്ത ആത്മഹത്യ കുറിപ്പില്‍ ആരോപിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്ന് ദിവസം മുമ്പാണ് യുവാവ് ഹോട്ടലില്‍ മുറിയെടുത്തത്. ആത്മഹത്യക്ക് മുമ്പ് മുറിയുടെ വാതിലില്‍ 'ഡു നോട്ട് ഡിസ്റ്റര്‍ബ്' സൈന്‍ വെച്ചിരുന്നു. ഏറെക്കഴിഞ്ഞും വിവരമില്ലാത്തതിനെ തുടര്‍ന്ന് മാസ്റ്റര്‍ കീ ഉപയോഗിച്ച് മുറി തുറന്ന ഹോട്ടല്‍ ജീവനക്കാരന്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കാണുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പാസ്‌വേര്‍ഡ് ഉപയോഗിച്ച് ലോക്ക് ചെയ്ത നിലയിലാണ് ആത്മഹത്യ കുറിപ്പുള്ളത്.

നിഷാന്തിന്റെ ഭാര്യ അപൂര്‍വ പരീഖ്, അമ്മായി പ്രാര്‍ത്ഥന മിശ്ര എന്നിവര്‍ക്കെതിരെയാണ് കേസ്. നിഷാന്തിന്റെ മാതാവും സാമൂഹ്യപ്രവര്‍ത്തകയുമായ നീലം ചതുര്‍വേദി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ആത്മഹത്യ പ്രേരണക്കാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

'നിങ്ങള്‍ ഇത് വായിക്കുമ്പോഴേക്കും ഞാന്‍ പോയിരിക്കും. ഈ അവസാന നിമിഷങ്ങളില്‍ സംഭവിച്ച കാര്യങ്ങളോര്‍ത്ത് ഞാന്‍ നിന്നെ വെറുക്കപ്പെടേണ്ടതാണ്. എന്നാല്‍ നിന്നോടുള്ള ഇഷ്ടം അറിയിക്കുകയാണ്. നിനക്ക് വാക്കുതന്നതുപോലെ അന്നും ഇന്നും നിന്നെ ഞാന്‍ അത്രമേല്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ അനുഭവിച്ച എല്ലാ പ്രശ്‌നങ്ങളും എന്റെ അമ്മക്കറിയാം. നീയും പ്രാര്‍ത്ഥന ആന്റിയും എന്റെ മരണത്തിന് ഉത്തരവാദികളാണ്. അമ്മയുടെ അടുത്ത് പോകരുതെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അവരെ ജീവിക്കാന്‍ അനുവദിക്കണം'., യുവാവിന്റെ ആത്മഹത്യ കുറിപ്പിങ്ങനെയാണ്.

മകന്റെ മരണത്തോടെ താന്‍ ജീവിക്കുന്ന മൃതശരീരമായെന്ന് നിഷാന്തിന്റെ അമ്മ നീലം ചതുര്‍വേദി ഫേസ്ബുക്കില്‍ കുറിച്ചു.'തന്റെ ശേഷക്രിയകള്‍ ചെയ്യേണ്ട മകന്റെ മൃതദേഹം താന്‍ സംസ്‌കരിക്കേണ്ടി വന്നിരിക്കുന്നു. മകന് വേണ്ടി അവന്റെ ഇളയ സഹോദരി കര്‍മങ്ങള്‍ ചെയ്തു. ഈ വലിയ പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള മനോധൈര്യം ഞങ്ങള്‍ക്ക് നല്‍കൂ', എന്ന് നീലം ചതുര്‍വേദി ഫേസ്ബുക്കില്‍ കുറിച്ചു.

Tags