പ്രശസ്ത കഥാകൃത്തും സിനിമാ നിരൂപകനുമായ ശ്രീവരാഹം ബാലകൃഷ്ണൻ അന്തരിച്ചു

Renowned storyteller and film critic Srivaraham Balakrishnan passed away

തിരുവനന്തപുരം: പ്രശസ്ത കഥാകൃത്തും സിനിമാ നിരൂപകനുമായ ശ്രീവരാഹം ബാലകൃഷ്ണൻ (93) അന്തരിച്ചു. തൈക്കാട് മോഡൽ സ്‌കൂളിനരികിൽ ടി.എസ്.ജി.ആർ.എ-12ൽ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.

മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിലും ധനുവച്ചപുരം എൻ.എസ്.എസ്. കോളേജിലും ഇംഗ്ലീഷ് അധ്യാപകനായിരുന്നു. സർക്കാരിനുവേണ്ടി കുടുംബാസൂത്രണത്തെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പ്രതിസന്ധി, ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സ്വാതി തിരുനാൾ, ഹരികുമാറിന്റെ സ്‌നേഹപൂർവം മീര, ജേസിയുടെ അശ്വതി എന്നീ സിനിമകൾക്ക് തിരക്കഥ-സംഭാഷണം, കെ.ജി.ജോർജ് സംവിധാനം ചെയ്ത ഇലവങ്കോട് ദേശത്തിന്റെ സംഭാഷണം എന്നിവ എഴുതിയിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവമ്പഴം, ലളിതാംബിക അന്തർജനത്തിന്റെ മാണിക്കൻ തുടങ്ങിയ ടെലിഫിലിമുകൾക്കും ശ്യാമപ്രസാദ് സംവിധാനം ചെയ്ത മരണം ദുർബലം എന്ന സീരിയലിനും തിരക്കഥയെഴുതി.

നാടകം, സിനിമ എന്നിവയെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും എഴുതുകയും ചെയ്തിരുന്ന ശ്രീവരാഹം ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ ഉൾക്കരുത്തുള്ള നിരൂപണങ്ങളെഴുതി. അബ്ദുള്ളക്കുട്ടി, നദീമധ്യത്തിലെത്തും വരെ എന്നിവ ചെറുകഥാ സമാഹാരങ്ങളാണ്. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാർട്ടൂൺ പരമ്പര 1985-ൽ അരവിന്ദൻ വരച്ച കവർചിത്രത്തോടെ പുസ്തകമായി പ്രസിദ്ധീകരിച്ചത് ശ്രീവരാഹമാണ്.

Tags