കളികഴിഞ്ഞ് കാൽകഴുകാൻ ഇറങ്ങി, കാൽവഴുതി പുഴയിൽ മുങ്ങി; അരീക്കോട് 12-കാരന് ദാരുണാന്ത്യം

river-died
river-died

മലപ്പുറം: അരീക്കോട്  ചാലിയാറിന്റെ പോഷകനദി പൂങ്കുടിപ്പുഴയില്‍ കാണാതായ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കാട്ടുമണ്ണില്‍ കടവില്‍ മരതക്കോടന്‍ ഹിദായത്തിന്റെ മകന്‍ അന്‍ഷിഫിനെ (12) കാണാതായത്. വെട്ടുപാറ വാവൂര്‍ കെഎംഎച്ച്എംയുപി സ്‌കൂളില്‍ ഏഴാംതരം വിദ്യാര്‍ഥിയായ അന്‍ഷിഫ് ഈ അധ്യയനദിനത്തിന്റെ ആദ്യദിവസം ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി വൈകുന്നേരം കൂട്ടുകാര്‍ക്കൊപ്പം കളികഴിഞ്ഞ് കാല്‍കഴുകാന്‍ കടവില്‍ ഇറങ്ങിയപ്പോള്‍ കാല്‍വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നു.

tRootC1469263">

ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കുട്ടിയെ കാണാതായ കടവില്‍നിന്ന് 700 മീറ്റര്‍ താഴെ പൂങ്കുടി പാലത്തില്‍നിന്ന് നിരീക്ഷണം നടത്തുകയായിരുന്ന നാട്ടുകാരാണ് ഒഴുകിവരുന്ന മൃതദേഹം കണ്ടത്. ഉടന്‍തന്നെ തൊട്ടുതാഴെ ചാലിയാറിലൂടെ തോണിയില്‍ തിരച്ചില്‍ നടത്തുന്നവര്‍ക്ക് വിവരം കൈമാറുകയും അവര്‍ കരയെത്തിക്കുകയുമായിരുന്നു.

കൊണ്ടോട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ ജീവനക്കാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് തിരച്ചില്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചത്. ജിദ്ദയില്‍ ജോലിചെയ്യുന്ന പിതാവ് വിവരമറിഞ്ഞ് നാട്ടില്‍ എത്തി. മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: അന്‍സിദ്, അന്‍ഹ സഹറിന്‍. പറപ്പൂര്‍ പള്ളിമുക്ക് ജുമാമസ്ജിദില്‍ കബറടക്കി.

Tags