ദോശ കഴിച്ചതിന് പിന്നാലെ കടുത്ത ഛർദിയും ശാരീരികാസ്വാസ്ഥ്യവും ; രണ്ടുകുട്ടികള്‍ മരിച്ചു, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Severe vomiting and physical discomfort after eating dosa; Two children die,

അഹമ്മദാബാദ്: ദോശ കഴിച്ചതിന് പിന്നാലെ കടുത്ത ഛർദിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ട നാലംഗകുടുംബത്തിലെ രണ്ടുകുട്ടികൾ മരിച്ചു. അഹമ്മദാബാദ് സ്വദേശികളായ വിമൽ-ഭാവന ദമ്പതിമാരുടെ മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞും നാലുവയസ്സുള്ള മകളുമാണ് മരിച്ചത്. വിമലും ഭാവനയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ഏപ്രിൽ ഒന്നാം തീയതി രാത്രി ദോശ കഴിച്ചതിന് പിന്നാലെയാണ് വിമലിനും കുടുംബാംഗങ്ങൾക്കും ശാരീരികാസ്വാസ്ഥ്യമുണ്ടായതെന്നാണ് പരാതി. സമീപത്തെ ഒരു സ്ഥാപനത്തിൽനിന്നാണ് വിമൽ ദോശമാവ് വാങ്ങിയത്. തുടർന്ന് വിമലും ഭാവനയും നാലുവയസ്സുകാരിയായ മകളും ദോശ കഴിച്ചു. പിറ്റേന്ന് രാവിലെ ഇവർക്കും മൂന്നുമാസം പ്രായമുള്ള കുഞ്ഞിനും കടുത്ത ഛർദ്ദിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ടെന്നും ബന്ധുക്കൾ പറഞ്ഞു. ഉടൻതന്നെ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയിലിരിക്കെ ഏപ്രിൽ മൂന്നാംതീയതിയാണ് മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. ഏപ്രിൽ അഞ്ചിന് നാലുവയസ്സുകാരിയും മരിച്ചു. വിമലും ഭാവനും ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

അതേസമയം, ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി. വിമൽ ദോശമാവ് വാങ്ങിയ ഘനശ്യാം ഡയറി എന്ന സ്ഥാപനത്തിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചതായി അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനും അറിയിച്ചു.

Tags