പടിയൂർ ഇരട്ടക്കൊല; പ്രതി പ്രേംകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ല, കേദാർനാഥിൽത്തന്നെ സംസ്‌കരിച്ചേക്കും
ഇരിങ്ങാലക്കുട: പടിയൂരിൽ ഭാര്യയെയും ഭാര്യാമാതാവിനെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഒളിവിൽ പോയ പ്രേംകുമാറിന്റെ മൃതദേഹം കേദാർനാഥിൽത്തന്നെ സംസ്‌കരിച്ചേക്കും. മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ കേദാർനാഥിൽ വിശ്രമകേന്ദ്രത്തിൽ മരിച്ചനിലയിലാണ് പ്രേംകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ആശുപത്രി ജീവനക്കാർ പ്രേംകുമാറിന്റെ കൈയിലുണ്ടായിരുന്ന പഴ്‌സിലെ കുറിപ്പിൽനിന്ന് ലഭിച്ച ഫോൺ നമ്പറിൽ വിളിച്ചാണ് ബന്ധുക്കളെ വിവരമറിയിച്ചത്.
വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞാണ് അന്വേഷണസംഘം കേദാർനാഥിൽ എത്തി, മരിച്ചത് പ്രേംകുമാർ തന്നെയെന്ന് സ്ഥിരീകരിച്ചത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. പോസ്റ്റ്‌മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ.മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറായില്ലെങ്കിൽ കേദാർനാഥിൽത്തന്നെ സംസ്‌കരിച്ചേക്കും.ജൂൺ നാലിന് ബുധനാഴ്‌ച ഉച്ചതിരിഞ്ഞാണ് പടിയൂരിൽ വാടകവീട്ടിൽ താമസിച്ചിരുന്ന കാറളം വെള്ളാനി സ്വദേശിനി കൈതവളപ്പിൽ വീട്ടിൽ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകൾ രേഖ (43) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഇരട്ടക്കൊലപാതകത്തിനുശേഷം ഒളിവിൽ പോയ പ്രേംകുമാറിനെ ഡൽഹിയിലുള്ള സുഹൃത്തുക്കൾ സംരക്ഷിക്കുന്നതായും പോലീസിന് സൂചനകൾ ലഭിച്ചിരുന്നു. ഇതനുസരിച്ച് ഡൽഹിയിലെത്തിയ അന്വേഷണസംഘം അവിടെ തിരച്ചിൽ നടത്തുന്നതിനിടയിലാണ് പ്രതിയെ കേദാർനാഥിൽ മരിച്ചനിലയിൽ കണ്ടതായി വിവരം ലഭിച്ചത്.രേഖയെയും മണിയെയും കൊലപ്പെടുത്തിയത് പ്രേംകുമാറാണെന്ന് വ്യക്തമാണെങ്കിലും അന്വേഷണം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി അത് സ്ഥിരീകരിക്കാൻ ഡിഎൻഎ സാമ്പിൾ ശേഖരിക്കുമെന്ന് പോലീസ് അറിയിച്ചു
ഇയാള്‍ 2019-ല്‍ ആദ്യഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈ കേസില്‍ 90 ദിവസത്തിനുള്ളില്‍ പോലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രേം കുമാര്‍ ജാമ്യത്തിലിറങ്ങി. അഞ്ചുമാസംമുന്‍പാണ് രേഖയെ വിവാഹം കഴിച്ചത്. തന്റെ ആദ്യഭാര്യ അപകടത്തില്‍ മരിച്ച് പോയതാണെന്ന് ഇയാള്‍ രേഖയോട് പറഞ്ഞത്. മാത്രവുമല്ല ഇയാള്‍ സ്വന്തം കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല.
.jpg)

