അമ്മയുടെയും മകളുടെയും മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ; അരികിൽ ഭീഷണിക്കത്ത്

police8

പടിയൂർ : തൃശ്ശൂരിൽ വീടിനുള്ളിൽ അമ്മയുടെയും മകളുടെയും മൃതദേഹം അഴുകിയനിലയിൽ കണ്ടെത്തി. പടിയൂർ പഞ്ചായത്തോഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പിൽ മണി (74), മകൾ രേഖ (43) എന്നിവരെയാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് മരിച്ചനിലയിൽ കണ്ടെത്തിയത്. പരേതനായ പരമേശ്വരനാണ് മണിയുടെ ഭർത്താവ്.

ബുധനാഴ്ച ഉച്ചയോടെ വീട്ടിൽനിന്ന് ദുർഗന്ധം വന്നതിനെത്തുടർന്ന് അയൽവാസികൾ ഇരിങ്ങാലക്കുട ബോയ്സ് സ്‌കൂളിലെ ജീവനക്കാരിയായ മൂത്തമകൾ സിന്ധുവിനെ വിവരമറിയിച്ചു. സിന്ധു വീട്ടിലെത്തി പിറകുവശത്തെ വാതിൽ തുറന്ന് അകത്തുകയറി. വീടിനുള്ളിൽ സാധനങ്ങൾ അലങ്കോലമായ നിലയിലായിരുന്നു. കാട്ടൂർ പോലീസിൽ വിവരമറിയിച്ചു. കാട്ടൂർ സ്റ്റേഷൻ ഓഫീസർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി സഹോദരിയിൽനിന്ന് മൊഴിയെടുത്തു.

ആറുമാസം മുൻപാണ് ഇവർ പടിയൂരിൽ വീട് വാടകയ്‌ക്കെടുത്ത് താമസമാരംഭിച്ചത്. അതിനുശേഷം രേഖ കോട്ടയം സ്വദേശിയായ പ്രേംകുമാറിനെ വിവാഹം കഴിച്ചു. രേഖയുടെ രണ്ടാമത്തെ വിവാഹമാണിത്. രണ്ടുദിവസം മുൻപ് രേഖ ഭർത്താവിന്റെപേരിൽ വനിതാ സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി സിന്ധു പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച ഇരുവരെയും വിളിപ്പിച്ച് കൗൺസിലിങ്ങിനെത്താൻ നിർദേശം നൽകിയിരുന്നു.

പോലീസ് സ്റ്റേഷനിൽനിന്ന് വീട്ടിലേക്കു മടങ്ങിയശേഷം അമ്മയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് സിന്ധു പറയുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. രേഖയുടെ മൃതദേഹത്തിനടുത്ത് നിന്ന് പ്രേംകുമാർ എഴുതിയതെന്ന് കരുതുന്ന ഭീഷണിക്കത്ത് ലഭിച്ചതായും മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും പോലിസ് പറഞ്ഞു.

Tags