കണ്ണൂരിൽ മകൻ ഓടിച്ച ഓട്ടോ അപകടത്തിൽപ്പെട്ട് അമ്മ മരിച്ചു
മട്ടന്നൂർ: പഴശ്ശിയിൽ മകൻ ഓടിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് അമ്മയ്ക്ക് ദാരുണാന്ത്യം . കൂത്തുപറമ്പ് പുറക്കളം കിണവക്കലിലെ ഒറവയൽ വീട്ടിൽ കെ.ശ്രീമതി (64)യാണ് മരിച്ചത്. ഓട്ടോയോടിച്ച ഇവരുടെ മകൻ അനിൽകുമാറിനെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോയും മട്ടന്നൂർ ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഞായറാഴ്ച പുലർച്ചെ 5.30-ഓടെ മട്ടന്നൂർ-തലശ്ശേരി റോഡിൽ പഴശ്ശി റേഷൻകടയ്ക്ക് മുന്നിലാണ് അപകടം. ശ്രീമതി നടുവേദനയ്ക്ക് വൈദ്യരെ കാണിക്കാൻ എടൂരിലേക്ക് മകനൊപ്പം പോകുകയായിരുന്നു.
റോഡിലേക്ക് വീണ ഇരുവരെയും നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ശ്രീമതിയെ രക്ഷിക്കാനായില്ല. സി.ഗംഗാധരനാണ് ശ്രീമതിയുടെ ഭർത്താവ്. മറ്റു മക്കൾ: ബിനു, ബിന്ദു.
.jpg)

