കൊൽക്കത്തയിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി നിയമ വിദ്യാർത്ഥി മരിച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ജൂറിഡിക്കൽ സയൻസസിലെ ഒന്നാം വർഷ നിയമ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. എറണാകുളം പാലാരിവട്ടം സ്വദേശിയായ 19 വയസ്സുകാരൻ ജുവൻ ജോസ് ജുബിനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ സാൾട്ട് ലേക്കിലെ യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ വളപ്പിലാണ് ദാരുണമായ സംഭവം നടന്നത്. കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയ ജുവനെ ഉടൻ തന്നെ ബിധാനഗർ സബ് ഡിവിഷണൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ജുവൻ താഴേക്ക് വീഴുന്നത് കണ്ട മറ്റ് അന്തേവാസികളാണ് അധികൃതരെ വിവരമറിയിച്ചത്. ഉടൻ തന്നെ സർവ്വകലാശാല അധികൃതരും പോലീസും സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പഠനത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്ന ജുവന്റെ അപ്രതീക്ഷിത വിയോഗം സഹപാഠികളെയും അധ്യാപകരെയും വലിയ ആഘാതത്തിലാഴ്ത്തിയിരിക്കുകയാണ്.
സംഭവത്തിൽ ബിധാനഗർ സൗത്ത് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് ഒരു അപകടമാണോ അതോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ഫോറൻസിക് വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
.jpg)

