മലപ്പുറത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; യുവതി മരിച്ചു

sreenanadha

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ യുവതി മരിച്ചു.  കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ പെരിന്തൽമണ്ണ തിരൂർക്കാട് വെച്ചാണ് അപകടമുണ്ടായത്.അപകടത്തിൽ പത്തു പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ബസിലുണ്ടായിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്.

മണ്ണാർക്കാട് കോട്ടോപ്പാടം മേലെ അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ് വാരിയരുടെ മകൾ ശ്രീനന്ദ (21)ആണ് മരിച്ചത്. മണ്ണാർക്കാട് യുണിവേഴ്സൽ കോളേജിലെ ബിസിഎ അവസാന വർഷ വിദാർഥിനിയാണ്. പ്രൊജക്ട് ആവശ്യാർഥം കോഴിക്കോടുപോയി തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്.

കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും എതിരെ വരുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബസിൻറെ ഒരു വശം പൂർണമായും തകർന്നു. ലോറി റോഡരികിലേക്ക് മറിയുകയും ചെയ്തു.

ബസിൻറെ ഒരു വശത്തായി ഇരുന്ന പത്തോളം പേർക്കാണ് പരിക്കേറ്റത്.  നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൻറെ കാരണം വ്യക്തമല്ല. പരിക്കേറ്റ 2 പേരുടെ  നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Tags