കോഴിക്കോട് കടമുറിക്കുള്ളിൽ യുവാവിനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

Death due to boat capsizing in Puthukurichi; A fisherman died


കോഴിക്കോട്: നരിക്കുനിയിൽ കടമുറിക്കുള്ളിൽ യുവാവിനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കൂടെയുണ്ടായിരുന്ന ഒൻപത് വയസ്സുകാരിയായ മകൾക്ക് ഗുരുതരമായി പൊള്ളലേറ്റു. പറമ്പിൽ ബസാർ സ്വദേശി വിനേഷ് കുമാറാണ് മരിച്ചത്. പുക ശ്വസിച്ചും പൊള്ളലേറ്റും അവശ നിലയിലായ മകളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐഎംസിഎച്ചിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ നരിക്കുനി- കൊടുവള്ളി റോഡിലെ കടമുറിക്കുള്ളിൽ നിന്ന് പുക ഉയരുകയും ശബ്ദം കേൾക്കുകയും ചെയ്തതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. ഉടൻ തന്നെ നരിക്കുനിയിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി ഷട്ടർ ഉയർത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയെ അവശ നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം നടത്തിയ തിരച്ചിലിലാണ് വിനേഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മുറിക്കുള്ളിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കടുത്ത സാമ്പത്തിക പ്രയാസമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നും കുറിപ്പിൽ പറയുന്നു. മരണത്തിൽ മറ്റ് ദുരൂഹതകളില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

Tags