കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശിയായ 21കാരന് ദാരുണാന്ത്യം; രണ്ട് പേർക്ക് ഗുരുതര പരിക്ക്
കോഴിക്കോട് : കോഴിക്കോട് വാപ്പോളിത്താഴത്ത് രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശിയായ 21കാരൻ മരിച്ചു. അഞ്ചാംപീടിക സ്വദേശിയായ സഞ്ജാദ് മഹ്മൂദാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏകദേശം 9.30ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ മറ്റൊരു ബൈക്കിലുണ്ടായിരുന്ന രണ്ട് യുവാക്കൾക്കും ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു.
പൊലീസ് നൽകുന്ന വിവരമനുസരിച്ച് സഞ്ജാദ് തന്റെ ബൈക്കിൽ വാപ്പോളിത്താഴം ജനതാ റോഡിലേക്ക് ഇൻഡിക്കേറ്റർ നൽകി തിരിയുന്നതിനിടെയാണ് എതിർദിശയിൽനിന്ന് വേഗത്തിലെത്തിയ മറ്റൊരു ബൈക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സഞ്ജാദിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തെക്കുറിച്ച് ചെവായൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മറ്റേ ബൈക്ക് അമിതവേഗത്തിലായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്. അപകടത്തിൽപ്പെട്ട രണ്ട് യുവാക്കളും ആശുപത്രിയിൽ ചികിത്സയിലാണ്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. റോഡുകളിൽ അമിതവേഗം സൃഷ്ടിക്കുന്ന അപകടസാധ്യത വീണ്ടും ഓർമിപ്പിക്കുന്ന സംഭവമാണിത്.
.jpg)

