കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു
കൊല്ലം: തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ സ്വദേശി ഓമനക്കുട്ടൻ (50), പരവൂർകുറുമണ്ടൽ പുഞ്ചിറക്കുളം സൂര്യാസിൽ ആർ.ലതിക (50) എന്നിവരാണു മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ മുണ്ടയ്ക്കൽ പാപനാശത്താണ് ഇരുവരും തിരയിൽപ്പെട്ടത്. പുലിമുട്ടുകൾക്ക് ഇടയിലുള്ള മണൽപ്പരപ്പിൽ ഇരിക്കുമ്പോഴാണ് തിരമാലകൾ ശക്തിയായി അടിച്ചു കയറിയത്.
ഈ സമയം ഇവിടെ മറ്റാരും ഇല്ലായിരുന്നതിനാൽ അപകടവിവരം ആരുമറിഞ്ഞില്ല. നിലവിളി കേട്ട് സമീപവാസികളായ യുവാക്കളെത്തിയപ്പോഴാണ് ഇരുവരും കടലിൽ വീണത് അറിഞ്ഞത്. ഉടൻ തന്നെ യുവാക്കൾ ചേർന്ന് ഇരുവരെയും കരയ്ക്കെത്തിച്ച് സിപിആർ നൽകി കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും മരിച്ചു. ഇവർ വന്ന ബൈക്ക് റോഡരികിൽ നിന്നും കണ്ടെത്തി.
ഓണത്തിനുള്ള വസ്ത്രങ്ങളും ഇരുവരുടെയും മൊബൈൽ ഫോണുകളും വാഹനത്തിലുണ്ടായിരുന്നു. ഇതാണ് ഇരുവരെയും തിരിച്ചറിയാൻ സഹായിച്ചത്. പൊലീസ് എത്തി ഫോണിലൂടെ ഇവരുടെ ബന്ധുക്കളെ വിളിച്ചാണ് അപകട വിവരം അറിയിച്ചത്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈസ്റ്റ് പൊലീസ് കേസെടുത്തു. മുന്നറിയിപ്പ് ബോർഡുകൾ പോലും അവഗണിച്ച് പുലിമുട്ടുകൾക്ക് സമീപം ആളുകൾ പോകുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്.
.jpg)

