28 വർഷമായി ഒരുമിച്ച് താമസം, കോയമ്പത്തൂരിൽ ബേക്കറി; സുഹൃത്തുക്കളുടെ മരണത്തിൽ നടുങ്ങി കരുവിശ്ശേരി

Living together for 28 years, bakery in Coimbatore; Karuvissery shocked by the death of friends
Living together for 28 years, bakery in Coimbatore; Karuvissery shocked by the death of friends

കോഴിക്കോട്:28 വർഷമായി കോയമ്പത്തൂരില്‍ ബേക്കറി വ്യവസായത്തിലേര്‍പ്പെട്ട മഹേഷിന്റെയും ജയരാജന്റെയും ദുരൂഹമരണവാര്‍ത്ത കരുവിശ്ശേരിക്കാരെ നടുക്കി. അയല്‍വാസികളായി തുടങ്ങിയ ബന്ധം സുഹൃത്തുക്കളെക്കാള്‍ ശക്തമായി വളര്‍ന്നാണ് കച്ചവട പങ്കാളിത്തത്തിലേക്കെത്തിയത്. എല്ലാം നല്ലരീതിയില്‍ മുന്നോട്ടുപോകുന്നതിനിടെയുണ്ടായ ഈ അനിഷ്ടസംഭവത്തിന്റെ കാരണമാണ് അടുപ്പമുള്ളവരെ അലോസരപ്പെടുത്തുന്നത്.

കോഴിക്കോട് കരുവിശ്ശേരി പാല്‍സൊസൈറ്റിക്ക് സമീപമുള്ള കോട്ടപ്പറമ്പത്ത് വീട്ടില്‍ ലക്ഷ്മണന്റെ മകന്‍ ജയരാജനും (51കുട്ടന്‍) സമീപവാസിയായ പൂളക്കോട്ടുമ്മല്‍ ചന്ദ്രശേഖരന്റെ മകന്‍ മഹേഷും (45) വിശ്വനാഥപുരത്തെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചവിവരം ചൊവ്വാഴ്ച പകലാണ് ബന്ധുക്കളറിയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കോയമ്പത്തൂര്‍ പോലീസും കോഴിക്കോട്ടെത്തി.

നാട്ടില്‍നിന്ന് ആദ്യം ഇരുവരുംപോയത് മഹാരാഷ്ട്രയിലെ നാസിക്കിലായിരുന്നു. അവിടെ നിന്ന് മുംബൈയിലും പിന്നീട് ബെംഗളൂരുവിലും പോയി വരുമാനമാര്‍ഗങ്ങള്‍ നോക്കി. 28 വര്‍ഷം മുന്‍പാണ് കോയമ്പത്തൂര്‍- മേട്ടുപ്പാളയം റോഡിലെ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തുടിയല്ലൂരില്‍ ബേക്കറി തുറന്നത്. അവിവാഹിതരായ ഇവര്‍ ഒന്നിച്ചായിരുന്നു ഇക്കാലമത്രയും താമസം.

കോയമ്പത്തൂരില്‍നിന്ന് കഴിഞ്ഞമാസം നാട്ടിലേക്ക് വരുന്നതിനിടെ മണ്ണാര്‍ക്കാടുവെച്ച് ഇവര്‍ സഞ്ചരിച്ച കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ജയരാജനാണ് കൂടുതല്‍ പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കി. പരിക്ക് ഭേദമായശേഷമാണ് ഇരുവരും കോയമ്പത്തൂരിലേക്ക് മടങ്ങിയത്.
 

Tags