മകനെ കാണാനായി യുകെയിൽ എത്തിയ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു
കോഴിക്കോട്: മകനെ കാണാനായി യുകെയിൽ എത്തിയ കുറ്റ്യാടി സ്വദേശിനിയായ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. വേളം ചെറുക്കുന്നിലെ കാഞ്ഞിരോറ പരേതനായ ചോയിയുടെ ഭാര്യ ചന്ദ്രി (63) ആണ് മരിച്ചത്. ചന്ദ്രിയുടെ മകൻ സുമിത് യുകെയിലെ സതാംപ്ടണിലാണ് ജോലി ചെയ്തിരുന്നത്. മൂന്ന് മാസം മുൻപാണ് ഇവർ മകന്റെ അടുത്ത് എത്തിയത്. ഇവിടെ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.
നെഞ്ച് വേദന അനുഭവപ്പെട്ടപ്പോൾ ഗ്യാസ് സംബന്ധമായ പ്രശ്‌നമാകുമെന്ന് കരുതി അതിനുള്ള മരുന്ന് കഴിച്ച് വിശ്രമിക്കുന്നതിനിടെ വേദന വർധിക്കുകയും സതാംപ്ടണിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ നടത്തിയ പരിശോധനയിൽ രക്തധമനികളിൽ നാല് ബ്ലോക്കുകൾ കണ്ടെത്തി. സ്‌റ്റെന്റ് ഇടുന്ന ശസ്ത്രക്രിയ നടക്കവേ ഹൃദയസ്തംഭനം ഉണ്ടാവുകയും മരിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ നടക്കുന്നുണ്ട്. സുമിത്തും ഭാര്യ ജോയ്‌സിയും മൂന്ന് വർഷത്തോളമായി യുകെയിൽ ജോലി ചെയ്തു വരികയാണ്.
.jpg)

