കോഴിക്കോട് അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബിരുദ വിദ്യാർത്ഥി മരിച്ചു

accident-alappuzha

കോഴിക്കോട്: പേരാമ്പ്രയിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബിരുദ വിദ്യാർത്ഥി മരിച്ചു. പേരാമ്പ്ര ഡിഗ്നിറ്റി കോളേജിലെ രണ്ടാം വർഷം ബിബിഎ വിദ്യാർത്ഥി മുഹമ്മദ് ഷാദിൽ (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പകൽ രണ്ടോടെയാണ് പേരാമ്പ്ര സെൻറ് ഫ്രാൻസിസ് ചർച്ചിന് സമീപത്ത് വച്ച് അപകടമുണ്ടായത്.

ക്ലാസ് കഴിഞ്ഞ്, ചർച്ചിനടുത്തുള്ള കടയിൽ നിന്ന് ഭക്ഷണം കഴിച്ച ഷാദിൽ മുളിയങ്ങൽ ഭാഗത്തേക്ക് പോകവേ കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന സേഫ്റ്റി ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഏതാനും മീറ്ററുകൾ ബൈക്കിനെ വലിച്ചിഴച്ച ശേഷമാണ് ബസ് നിന്നത്. ഉടൻ തന്നെ ഓടിയെത്തിയ നാട്ടുകാർ ഷാദിലിനെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടിക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. 

Tags