തൃശ്ശൂരിൽ കാർ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു

death
death

തൃശൂർ: കൊരട്ടിയിൽ കാർ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോൻ (42 ), ജോയ്ന (11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കറുക്കുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കാർ യാത്രികരാണ് അപകടത്തിൽപ്പെട്ടത്. കെട്ടിട നിർമ്മാണ തൊഴിലാളിയാണ് മരിച്ച ജയ്മോൻ.

പുലർട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. മരിച്ച ജയ്മോൻറെ ഭാര്യയായ മഞ്ജു (38), മകൻ ജോയൽ ( 13 ), ബന്ധുവായ അലൻ( 17 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. പാലക്കാട് കരിസ്മാറ്റിക് ധ്യാനം കൂടാൻ പോവുകയായിരുന്നു കുടുംബം. അപകടം നടന്ന എട്ട് മിനിട്ടിനുള്ളിൽ പൊലീസ് സ്ഥലത്തെത്തി.

 കാർ വെട്ടിപ്പൊളിച്ചാണ് രണ്ട് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൂന്ന് ആംബുലൻസുകളിലായി കാറിൽ ഉണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ജയ്മോൻ തന്നെയാണ് കാർ ഓടിച്ചിരുന്നതെന്ന്  പൊലീസ് പറയുന്നു. മരത്തിൽ ഇടിച്ച കാറ് മറിയുകയായിരുന്നു. ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
 

Tags