പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: വീട്ടിൽ വൈദ്യുതി കണക്ഷൻ ലഭിച്ച സന്തോഷം പങ്കിടാൻ വിളിച്ചുവരുത്തിയ സുഹൃത്തിനൊപ്പം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം. പ്ലസ് വൺ വിദ്യാർത്ഥിയും വടകര പുറമേരിയിൽ അറാം വെള്ളിയിൽ സ്വദേശിയുമായ നടുക്കണ്ടിൽ സൂര്യജിത്ത് (16) ആണ് മരിച്ചത്. പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. വീടിനടുത്തെ കരിങ്കൽ പാറവെട്ടിയപ്പോൾ രൂപപ്പെട്ട അറാംവെള്ളി കുളത്തിൽ കുളിക്കാനായി ഇറങ്ങിയതായിരുന്നു ഇരുവരും. നീന്തൽ വശമില്ലാതിരുന്ന സൂര്യജിത്ത് ഇതിനിടയിൽ വെള്ളത്തിൽ താഴ്ന്നുപോവുകയായിരുന്നു.
കൂടെയുണ്ടായിരുന്ന തൂണേരി സ്വദേശിയായ വിദ്യാർഥി സമീപത്തെ ക്ലബിൽ ഉണ്ടായിരുന്ന ആളുകളെ വിളിച്ചു വരുത്തിയാണ് അപകട വിവരം പറഞ്ഞത്. തുടർന്ന് ഇവർ നടത്തിയ തിരച്ചിലിൽ കുളത്തിന് അടിയിലെ ചെളിയിൽ പുരണ്ടുപോയ നിലയിൽ സൂര്യജിത്തിനെ കണ്ടെത്തുകയും ഉടനെ തന്നെ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
വടകര ഗവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. നടുക്കണ്ടിൽ ശശിയുടെയും മോനിഷയുടെയും മകനാണ്. സഹോദരി: തേജാല ലക്ഷ്മി.
.jpg)

