ക്ഷേത്ര കീഴ്ശാന്തിയുടെ മരണത്തിൽ നടുങ്ങി ചെറുകുന്ന് ഗ്രാമം : അപകടമുണ്ടാക്കിയ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു
കണ്ണൂർ: ചെറുകുന്ന് കതിരുവെക്കും തറക്ക് സമീപം ചെങ്കൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് പയ്യന്നൂർ കാളീശ്വരം സ്വദേശിയായ പൂജാരി അതിദാരുണമായി മരിച്ചതിൽ നടുങ്ങി ചെറുകുന്ന് ഗ്രാമം. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്കും ഏറെ പ്രിയങ്കരനായിരുന്നു ദാരുണമായി മരിച്ച കീഴ്ശാന്തി. നിത്യസാന്നിദ്ധ്യമായിരുന്ന അദ്ദേഹത്തിൻ്റെ വിയോഗം ഇപ്പോഴും പലർക്കും വിശ്വസിക്കാനായിട്ടില്ല.
സംഭവത്തിൽ ബൈക്കിലിടിച്ചചെങ്കൽ ലോറി ഡ്രൈവർക്കെതിരെ കണ്ണപുരം പൊലിസ് കേസെടുത്തിട്ടുണ്ട്.
ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെ കീഴ്ശാന്തി കാങ്കോൽ കാളീശ്വരം കുഞ്ഞിപ്പാറയിലെ പാലക്കുന്നില്ലത്ത് പത്മനാഭൻ നമ്പൂതിരി (53) യാണ് മരിച്ചത്. വ്യഴാഴ്ചപുലർച്ചെ 4.30 മണിക്കാണ് അപകടം പാലക്കാട് പോകാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് ചെറുകുന്നിൽ നിന്നും ബൈക്കിൽ പോകവെ യായിരുന്നു അപകടം.
ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്ത് വർഷത്തോളമായി ചെറുകുന്ന് ക്ഷേത്രത്തിൽ കീഴ്ശാന്തിയായി പ്രവർത്തിച്ചു വരികയായിരുന്നു. കാ ളീശ്വരത്തെ നാരായണൻ നമ്പൂതിരിയുടെയും സരസ്വതി അന്തർജ്ജനത്തിൻ്റെയും മകനാണ്. ഭാര്യ : ഷജിന കുന്നമംഗലത്തില്ലം വടകര. മക്കൾ: ശ്രീരാഗ് (മർച്ചൻ്റ് നേവി ), ശ്രീനന്ദ ( വിദ്യാർത്ഥിനി ) സഹോദരങ്ങൾ: ശ്രീധരൻ, പരമേശ്വരൻ, പരമേശ്വരി. കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. അപകടം വരുത്തിയ ചെങ്കൽ ലോറി ഡ്രൈവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത പൊലിസ് അറസ്റ്റ് രേഖപ്പെടുത്തി.
.jpg)

