ക്ഷേത്രത്തിലേക്ക് പോകവേ ബൈക്കിന്റെ ടയർ പൊട്ടി അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കോഴിക്കോട്: ബന്ധുവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവേ ടയർ പൊട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഡിസംബർ എട്ടിന് രാവിലെ നടക്കാവുള്ള തറവാട് വീട്ടിലെ ചെറുകോട്ട് മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം.ചീക്കിലോട് നമ്പ്യാർ കോളനിയിലെ ചെറുകോട്ട് പ്രശാന്തിന്റെ ഭാര്യ ഷൈനിയാണ്(49) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ബന്ധുവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കണ്ണിപൊയിൽ റോഡിലെത്തിയപ്പോൾ പുറകിലെ ടയർ പൊട്ടി ബൈക്ക് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഷൈനിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. ഇവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടിയന്തര ശസ്ത്രക്രിയ നടത്തിയ ശേഷം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെയാണ് മരണം സംഭവിച്ചത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. ബൈക്ക് ഓടിച്ചിരുന്ന ബന്ധു നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിൽ അത്തോളി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷൈനിയുടെ ഭർത്താവ് പ്രശാന്ത് സിമന്റ് കടയിൽ ചുമട്ട് തൊഴിലാളിയാണ്. ഏക മകൻ അതുൽ ദാസ് പത്താം തരം വിദ്യാർത്ഥിയാണ്.
.jpg)

