മലപ്പുറത്ത് പട്ടാപ്പകല്‍ കരിമ്പിന്‍ ജ്യൂസ് മെഷീന്‍ മോഷണം: രണ്ടുപേര്‍ പിടിയില്‍
മലപ്പുറത്ത് പട്ടാപ്പകല്‍ കരിമ്പിന്‍ ജ്യൂസ് മെഷീന്‍ മോഷണം: രണ്ടുപേര്‍ പിടിയില്‍

മലപ്പുറം : പാതയോരങ്ങളിൽ നിന്ന് കരിമ്പ് ജ്യൂസ് മെഷീനുകള്‍ മോഷ്ടിക്കുന്ന സംഘം മലപ്പുറം വഴിക്കടവ് പൊലീസിന്‍റെ പിടിയിലായി. പെരിന്തല്‍മണ്ണ കൊളത്തൂരില്‍ വാടകക്ക് താമസിക്കുന്ന തൃശ്ശൂര്‍ ചാവക്കാട് സ്വദേശി നൈനാന്‍ ഹുസ്സൈന്‍, പെരിന്തല്‍മണ്ണ കൊളത്തൂര്‍ സ്വദേശി പറയന്‍കാട്ടില്‍ ഹിലാല്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും തൊണ്ടി മുതലുകളും പൊലീസ് പിടിച്ചെടുത്തു.

വഴിക്കടവ് മുണ്ട സ്വദേശിയുടെ പരാതിയിൽ നടത്തിയ അന്വേഷണമാണ് സംഘത്തെ കുടുക്കിയത്. റോഡരികിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിട്ട് കെട്ടിവെച്ച കരിമ്പ് ജ്യൂസ് മെഷീൻ പട്ടാപ്പകൽ സംഘം മോഷ്ട്ടിച്ച് കൊണ്ടുപോകുകയായിരുന്നു. അന്വേഷണത്തില്‍ സമാനമായ നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് ഇരുവരുമെന്ന് വ്യക്തമായി. അടിപിടി, വധശ്രമം, വഞ്ചന തുടങ്ങി മറ്റ് കേസുകളും നിരവധി പൊലീസ് സ്റ്റേഷനുകളില്‍ പ്രതികള്‍ക്കെതിരെയുണ്ട്.

The post മലപ്പുറത്ത് പട്ടാപ്പകല്‍ കരിമ്പിന്‍ ജ്യൂസ് മെഷീന്‍ മോഷണം: രണ്ടുപേര്‍ പിടിയില്‍ first appeared on Keralaonlinenews.

Share this story