പയ്യന്നൂരിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ
പയ്യന്നൂര്‍: പയ്യന്നൂരില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. യുവാവില്‍ നിന്നും അഞ്ച് ഗ്രാമോളം എം.ഡി.എം.എ പിടികൂടി. പയ്യന്നൂർ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നുമാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും പയ്യന്നൂര്‍ പോലീസും സംയുക്തമായി മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പിടികൂടിയത്.
എട്ടിക്കുളം രാമന്തളി സ്വദേശി നഫീസ മന്‍സിലില്‍ എന്‍.പി.മുഹമ്മദ് തസ്ലീമാ(26)ണ് പിടിയിലായത്.പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗം പ്ലാറ്റ്ഫോമിന്റെ വടക്കേ അറ്റത്തിന് സമീപമുള്ള റോഡരികില്‍ കഴിഞ്ഞ ദിവസം രാത്രി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു.
പരിശോധനയില്‍ യുവാവിന്റെ പാന്റിന്റെ പോക്കറ്റില്‍ സിപ്പ് ലോക്ക് കവറിലാക്കി സൂക്ഷിച്ച നിലയില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എ കണ്ടെത്തി. മയക്കുമരുന്നിന് പുറമെ യുവാവില്‍ നിന്നും 2510 രൂപ, ഒരു ഐഫോണ്‍, ആധാര്‍ കാര്‍ഡ്, എസ്.ബി.ഐ എ.ടി.എം കാര്‍ഡ് എന്നിവയും പോലീസ് പിടിച്ചെടുത്തു.ഗോവയില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം മയക്ക് മരുന്ന് പയ്യന്നൂരില്‍ എത്തിച്ച് വില്‍പ്പന നടത്തുകയാണ് ഇയാളെന്ന് പൊലിസ് അറിയിച്ചു നേരത്തെയും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് തസ്ലീം.
.jpg)

