അഴുക്ക് ചാലിന് മുകളിലിട്ടിരിക്കുന്ന ഇരുമ്പ് ഗ്രില്‍ തകര്‍ന്ന് യുവാവിന് പരുക്ക്

തൃശൂര്‍: ചാലക്കുടി മത്സ്യമാംസ മാര്‍ക്കറ്റിലെ അഴുക്ക് ചാലിന് മുകളിലിട്ടിരിക്കുന്ന ഇരുമ്പ് ഗ്രില്‍ തകര്‍ന്ന് യുവാവിന് പരുക്ക്. കാലപ്പഴക്കത്തെ തുടര്‍ന്ന് തുരുമ്പെടുത്ത് ജീര്‍ണാവസ്ഥയിലായ കമ്പികള്‍ തകര്‍ന്ന് തിരുമുടിക്കുന്ന് സ്വദേശി കിഴക്കിനേടത്ത് ജൈതന്‍ റിജോയുടെ കാലിനാണ് പരുക്കേറ്റത്. ഫയര്‍ഫോഴ്‌സെത്തിയാണ് ഗ്രില്ലിനുള്ളില്‍ കുടുങ്ങിയ കാല്‍ പുറത്തെടുത്തത്. അറ്റകുറ്റ പണികളൊന്നും നടത്താത്തതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് കെട്ടിടവും പരിസരവും ശോചനീയാവസ്ഥയിലാണിപ്പോള്‍.
മാലിന്യം നീക്കംചെയ്യത്തതിനെ തുടര്‍ന്ന് പ്രദേശത്ത് വന്‍ ദുര്‍ഗന്ധമാണ് വമിക്കുന്നത്. മലിനജലം കെട്ടിക്കിടക്കുന്നത് മൂലം കൊതുക് ശല്യം ഇവിടെ രൂക്ഷമാണ്. കാനകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിട്ടുള്ള തുരുമ്പെടുത്ത് ജീര്‍ണാവസ്ഥയിലായ ഗ്രില്‍ മാറ്റണമെന്ന ആവശ്യവും നഗരസഭ പരിഗണിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി.