തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് ഇന്റേണൽ കമ്മിറ്റികൾ കാര്യക്ഷമമാക്കണം :വനിതാ കമീഷൻ
കോഴിക്കോട് : തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള ഇൻേറണൽ കമ്മിറ്റികൾ കാര്യക്ഷമമാക്കണമെന്ന് വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമീഷൻ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമെല്ലാം ഇൻേറണൽ കമ്മിറ്റികൾ ഉണ്ടെന്ന് ഉറപ്പാക്കുകയും ഇതുസംബന്ധിച്ച വിവരങ്ങൾ പ്രദർശിപ്പിക്കുകയും വേണം. ഇവയെ കുറിച്ച് ജീവനക്കാരെ ബോധവത്കരിക്കുകയും മോണിറ്ററിങ് സംവിധാനം ഒരുക്കുകയും വേണമെന്നും കമീഷൻ അധ്യക്ഷ പറഞ്ഞു.
വനിതാ കമീഷന്റെ മേഖലാ കേന്ദ്രങ്ങളിൽ ആരംഭിച്ച സൗജന്യ കൗൺസിലിങ് സംവിധാനങ്ങൾ പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ കൗൺസിലിങ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഇതുവഴി നിരവധി പരാതികൾ പരിഹരിക്കാനാവുന്നുണ്ടെന്നും കമീഷൻ അധ്യക്ഷ പറഞ്ഞു.
ഗാർഹിക പീഡനം, കുടുംബ ബന്ധങ്ങളിലെ തകർച്ച, തൊഴിലിടങ്ങളിലെ അതിക്രമങ്ങൾ, വ്യാജരേഖയുണ്ടാക്കി ഭിന്നശേഷിക്കാരിയുടെ സ്വത്ത് തട്ടിയെടുക്കൽ, വയോധികയായ അമ്മയെ സംരക്ഷിക്കാതിരിക്കൽ, പണമിടപാടിൽ കബളിപ്പിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിങ്ങിൽ ലഭിച്ചത്. ആകെ ലഭിച്ച 41 പരാതികളിൽ ഒന്ന് പരിഹരിക്കുകയും ഒമ്പതെണ്ണം പൊലീസ് റിപ്പോർട്ട് തേടുകയും ഒന്ന് കൗൺസിലിങ്ങിനയക്കുകയും ചെയ്തു. സിറ്റിങ്ങിൽ കമീഷൻ അംഗം അഡ്വ. പി കുഞ്ഞായിശ, കൗൺസിലർ ഡോ. വി ആർദ്ര തുടങ്ങിയവരും പരാതികൾ പരിഗണിച്ചു.
.jpg)

