വന്യജീവി പ്രതിരോധത്തിന് പൊതുനിധി ; പ്രതീക്ഷയായി വയനാട് ജില്ലാ പഞ്ചായത്ത് ബജറ്റ്

google news
dsh

വയനാട് : ജില്ലയിലെ രൂക്ഷമായ വന്യജീവി ആക്രമണത്തിന് പരിഹാരം കാണുന്നതിനായി വയനാട് ജില്ലാ പഞ്ചായത്ത് ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തി. വന്യമൃഗ പ്രതിരോധത്തിനായി  പൊതുനിധി രൂപീകരിക്കും. ഇതുള്‍പ്പെടെ ആരോഗ്യ , വിദ്യാഭ്യാസ, കാര്‍ഷിക ക്ഷേമ മേഖലകളെ  ചേര്‍ത്ത് പിടിക്കുന്ന നിരവധി പദ്ധതികള്‍ ഉള്‍പ്പെട്ട  2023- 24 വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് എസ്. ബിന്ദു അവതരിപ്പിച്ചു. ജില്ലയുടെ സമഗ്രമേഖലയേയും സ്പര്‍ശിക്കുന്ന ബജറ്റില്‍  66,88,22,524 രൂപ പ്രതീക്ഷിത വരവും 66,53,14,800 രൂപ പ്രതീക്ഷിത ചെലവും 35,07,724 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് പൊതുനിധി രൂപീകരിക്കുമെന്ന പ്രഖ്യാപനം  ബജറ്റിനെ ഏറെ ശ്രദ്ധേയമാണ്.   ത്രിതല തദ്ദേശ  സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകള്‍, സി.എസ്.ആര്‍ ഫണ്ടുകള്‍, ഇതര സ്ഥാപന സഹായങ്ങള്‍ എന്നിവ സംയോജിപ്പിച്ചുളള പൊതുനിധി രൂപീകരിക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വനം വകുപ്പ് തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാനിലെ വന്യജീവി പ്രതിരോധ മാര്‍ഗങ്ങള്‍ക്കായി തുക ചെലവിടും. പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ വകയിരുത്തി. പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ടെങ്കിലും  ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് പ്രഖ്യാപനം.  

വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ നിലവാരമുയര്‍ത്താനും  ബജറ്റില്‍  ഏറെ പ്രാധാന്യം നല്‍കുന്നു. വിദ്യാഭ്യാസ മേഖലയിലെ ഗൗരവപൂര്‍ണ്ണമായ ഇടപെടലിന് സമഗ്ര എന്ന പേരില്‍ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കും. ഇതിനായി 15 കോടി രൂപ വകയിരുത്തി. കോച്ചിംഗ് ക്യാമ്പുകള്‍, പ്രഭാത ഭക്ഷണം ഗോത്രസാരഥി, ഗണിത ശാസ്ത്ര സാമൂഹ്യ ക്ലബ്ബുകള്‍, വായനക്കൂട്ടം, പഠന സാമഗ്രികള്‍ നല്‍കല്‍, കരിയര്‍ കാരവന്‍,കരിയര്‍ പാത്ത്, സ്‌കൂള്‍ ലൈബ്രറികളുടെ നവീകരണം, സ്‌കൂളുകളില്‍ ശുദ്ധീകരിച്ച കുടിവെള്ളം നല്കുന്ന ''തെളിനീര്‍ പദ്ധതി, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ഇലക്ട്രിക്കല്‍ വീല്‍ചെയര്‍ നല്കുന്ന ശുഭയാത്ര പദ്ധതി, വിദ്യാര്‍ത്ഥികളുടെ ഗവേഷണ പാടവം വര്‍ദ്ധിപ്പിക്കുന്നതിന് സ്‌കൂള്‍ ലാബുകളുടെ നവീകരണം, ആര്‍ത്തവ കാലത്ത് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിനികള്‍ക്ക് മെന്‍സ്റ്ററല്‍ കപ്പ് നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സമഗ്ര ഏറ്റെടുക്കും.

സ്ത്രീകളുടെ വരുമാനവും തൊഴില്‍ പങ്കാളിത്തവും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യവുമായി 'പെണ്മ' പദ്ധതി നടപ്പാക്കും. ജില്ലയിലെ ആയിരം വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭകത്വ പദ്ധതി നടപ്പാക്കും. വായ്പാ തുകയുടെ പലിശ നല്‍കാന്‍ ഒരു കോടി രൂപ വകയിരുത്തി. സ്ത്രീകളുടെ ആരോഗ്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് 2.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ബ്രസ്റ്റ് ക്യാന്‍സര്‍ ആരംഭത്തിലേ കണ്ടെത്തുന്നതിനും നിവാരണത്തിനുമായി മാമോഗ്രം ക്യാമ്പുകള്‍ നടത്താന്‍  10 ലക്ഷം രൂപയും ചെലവിടും.

നവജാത ശിശുക്കളും ഭിന്നശേഷി വിഭാഗത്തിലുമുളള കുട്ടികള്‍ക്കായി കനിവ് പദ്ധതി നടപ്പാക്കും. 50 ലക്ഷം രൂപ വകയിരുത്തി. കുട്ടികളുടെ വളര്‍ച്ചാ വൈകല്യ ചികിത്സാ പദ്ധതിയായ 'ആയുസ്പര്‍ശത്തിന്  40 ലക്ഷം രൂപയും അനുവദിച്ചു. പട്ടികവര്‍ഗ്ഗ വനിതകളുടെ ഗര്‍ഭകാല ശുശ്രൂഷയും, പരിചരണവും ഉറപ്പാക്കുന്ന സ്‌നേഹസ്പര്‍ശം  പദ്ധതിക്ക് 30 ലക്ഷം,  നവജാത ശിശുക്കളുടെ സിക്കിള്‍സെല്‍ അനീമിയ നിര്‍ണ്ണയവും ചികിത്സയും നടത്തുന്ന ബേബി കെയര്‍ പദ്ധതിക്ക് 20 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി.

സമഗ്ര ആരോഗ്യ പുരോഗതിക്ക് 4 കോടി, ഭവന നിര്‍മ്മാണത്തിന് 6.5 കോടി, കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 3.6 കോടി, റോഡ് പ്രവൃത്തികള്‍ക്ക് 4.5 കോടി, മൃഗ സംരക്ഷണ- ക്ഷീര വികസനത്തിന് 3 കോടി, വനിതകളുടെ ഉന്നമനത്തിനായി 2.94 കോടി, കുടിവെളള പദ്ധതികള്‍ക്ക് 2 കോടി, ശുചിത്വ മാലിന്യ സംസ്‌ക്കരണത്തിന് 2 കോടി, ദാരിദ്ര ലഘൂകരണത്തിന് 1 കോടി, വൃദ്ധര്‍, പെയിന്‍ & പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് 1.47 കോടി, കുട്ടികള്‍,ഭിന്നശേഷികാര്‍ എന്നിവര്‍ക്കായി 1.47 കോടി രൂപ  എന്നിങ്ങനെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

മറ്റ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍

· ജില്ലയിലെ നെല്‍കര്‍ഷകരെ സഹായിക്കുന്ന നെന്‍മണി പദ്ധതിയ്ക്ക് 3.5 കോടി.
· മില്ലറ്റ് കര്‍ഷകര്‍ക്ക് ധനസഹായം - 10 ലക്ഷം
· ക്ഷീരസാഗരം പദ്ധതി - 2.5 കോടി.
· സ്‌ക്കൂള്‍ ലൈബ്രറികള്‍ ശക്തിപ്പെടുത്തുന്ന അക്ഷര പദ്ധതിയ്ക്ക് 1.5 കോടി.
· കാര്‍ബണ്‍ സ്റ്റഡി റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തല്‍ - 10 ലക്ഷം
· കുടുംബശ്രീയുമായി ചേര്‍ന്ന് മാര്‍ക്കറ്റിംഗ് നെറ്റ് വര്‍ക്ക് - 20 ലക്ഷം
· ട്രാന്‍സ്‌ജെന്ററുകള്‍ക്ക് ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് - 10 ലക്ഷം.
· പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും തൊഴിലും - 20 ലക്ഷം

Tags