വന്യമൃഗശല്യം: അഖിലേന്ത്യാ കിസാൻ സഭ 31-ന് പാർലമെൻ്റ് മാർച്ച് നടത്തും

google news
sdh

കൽപ്പറ്റ: വയനാട്ടിലെ രൂക്ഷമായ വന്യമൃഗശല്യത്തിനെതിരെ അഖിലേന്ത്യ കിസാൻ സഭ   31ന് ഡൽഹിയിൽ പാർലമെന്റ് മാർച്ച് നടത്തും.ഇതിന് മുന്നോടിയായി നടത്തുന്ന പ്രചരണ വാഹന ജാഥ നാളെ  (ഞായറാഴ്ച ) തുടങ്ങുമെന്ന് ജില്ലാ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

     1972-ലെ  വന്യ ജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യുക,വന്യജീവി ആക്രമണത്തിൽ നിന്നും മനുഷ്യരുടെ ജീവന് സ്വത്തിനും സംരക്ഷണം നൽകുക, നാട്ടിൽ ഇറങ്ങുന്ന ഉപദ്രവകാരികളായ വന്യജീവികളെ വെടിവെച്ചു കൊല്ലുക, കാടും നാടും വേർതിരിക്കുക, വന്യജീവികളുടെ എണ്ണം വനത്തിന് ഉൾക്കൊള്ളാവുന്നതനുസരിച്ചു നിയന്ത്രിക്കുക, വന്യജീവികളുടെ ആക്രമണത്തിൽ സംഭവിക്കുന്ന നഷ്ടത്തിന് മതിയായ നഷ്ടപരിഹാരം നൽകുക, മനുഷ്യരും വന്യജീവികളും സംഘർഷം വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ നടപടികൾക്കായി ഫോറസ്റ്റ് പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുക, വനാതിർത്തിയിൽ വനം വകുപ്പ് ഏകപക്ഷീയമായി നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുക, വന്യജീവികളുടെ ആവാസ വ്യവസ്ഥയ്ക്ക് ദോഷം വരുത്തുന്ന അക്കേഷ്യ യൂക്കാലിപിപോലെയുള്ള മരങ്ങളും മറ്റ് സസ്യലതാദികളും വനത്തിനുള്ളിൽ നിന്ന് പൂർണ്ണമായും ഉന്മൂലനം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം നടത്തുന്നത്.

മാർച്ച് 31ന് പാർലമെന്റിന് മുന്നിൽ നടത്തുന്ന സമരത്തിൽ സി.പി.ഐ യുടെയും കിസാൻ സഭ യുടെയും നേതാക്കൾ പങ്കെടുക്കും. മാർച്ച് 28ന് വൈകുന്നേരം 4 മണിക്ക് കൽപ്പറ്റയിൽ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിക്കും.

 പാർലമെന്റ് മാർച്ചിനു മുന്നോടിയായി ജില്ലയിൽ നാലുദിവസം നീണ്ടുനിൽക്കുന്ന പ്രചരണ വാഹനജാഥ സംഘടിപ്പിക്കും. ജാഥ 19ന് വൈകുന്നേരം 5 മണിക്ക് പുതുശ്ശേരിയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി ബാബു ഉത്ഘാടനം ചെയ്യും. 22-ന് ചീരാലിൽ സമാപിക്കുന്ന ജാഥ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം വിജയൻ ചെറുകര ഉദ്ഘാടനം ചെയ്യും. 
 പത്രസമ്മേളനത്തിൽ  കിസാൻ സഭ ജില്ലാ പ്രസിഡണ്ട് പി എം ജോയി, സെക്രട്ടറി അമ്പി ചിറയൽ, ജോയന്റ് സെക്രട്ടറി വി കെ ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
 

Tags