കേരളത്തിൽ പവർകട്ട് ഇല്ല എന്നത് സർക്കാരിന്റെ വെറും പിആർ സ്റ്റണ്ട് : വെൽഫെയർ പാർട്ടി

WelfareParty

ആലുവ: കേരളത്തിൽ പവർകട്ടും ലോഡ് ഷെഡ്‌ഡിങ്ങും കഴിഞ്ഞ പത്തു വർഷമായി ഉണ്ടായിട്ടില്ല എന്ന വാദം എൽഡിഎഫ് സർക്കാരിന്റെ പിആർ സ്റ്റണ്ട് മാത്രമായിരുന്നു എന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സമദ് നെടുമ്പാശ്ശേരി. അപ്രഖ്യാപിത പവർകട്ട് ഏർപ്പെടുത്തി ജനജീവിതം ദുസ്സഹമാക്കുന്ന കെഎസ്ഇബി നടപടിക്കെതിരെ വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി കെഎസ്ഇബി ആലുവ ഡിവിഷൻ ഓഫീസിലേക്ക് നടത്തിയ നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കുറഞ്ഞ വിലക്ക് വൈദ്യുതി ലഭിക്കുമായിരുന്ന സാഹചര്യം എൽഡിഎഫ് നോമിനികളായ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അംഗങ്ങളുടെ നിരുത്തരവാദിത്തം കൊണ്ട് ഇല്ലാതായി. കൊടുംചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ രാത്രി അല്പം സമാധാനമായി ഉറങ്ങാമെന്ന സാധാരണക്കാരന്റെ അവകാശം പോലും ഹനിക്കുകയാണ്. വ്യാപകമായി സോളാർ പാനലുകൾ സ്ഥാപിച്ച് വീടുകളിൽ നിന്ന് തന്നെ വൈദ്യുതി കെഎസ്ഇബിക്ക് കൈമാറിയിട്ടും രാത്രി സമയത്ത് വേണ്ടത്ര അളവിൽ വൈദ്യുതി നൽകാനാകാതെ വരുന്നത് സർക്കാരിൻറെ പിടിപ്പുകേടാണ്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പേ തന്നെ സർക്കാർ തുടരില്ല എന്ന എൽഡിഎഫിന്റെ ഉറപ്പാണ് ഇപ്പോൾ തുടരുന്ന നിസ്സംഗതയ്ക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു. 

ജില്ലാ ജനറൽ സെക്രട്ടറി കെ.എച്ച്. സദഖത്ത് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ഭാരവാഹികളായ ഷംസുദ്ദീൻ എടയാർ, അഡ്വ. സഹീർ മനയത്ത്, ജില്ല കമ്മിറ്റി അംഗങ്ങളായ റിയാദ് ആലുവ, മുസ്തഫ പള്ളുരുത്തി, ഫാത്തിമ അബ്ബാസ്, ജമീല സുലൈമാൻ തുടങ്ങിയവർ നൈറ്റ് മാർച്ചിന് നേതൃത്വം നൽകി സംസാരിച്ചു.

Tags