ദേശീയപാത: സുപ്രീം കോടതിയുടെ ബഫർസോൺ ഉത്തരവ് കേരളത്തിൽ അപ്രായോഗികം : വെൽഫെയർ പാർട്ടി
ദേശീയ പാതയുടെ മധ്യത്തിൽ നിന്നും 40 മീറ്ററിനുള്ളിൽ വീടിനും 75 മീറ്ററിനുള്ളിൽ കച്ചവടസ്ഥാപനങ്ങൾക്കും അനുമതി നൽകരുതെന്ന സുപ്രീം കോടതി ഉത്തരവ് കേരളത്തിൽ അപ്രായോഗികമാണെന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെ.വി.സഫീർ ഷാ പറഞ്ഞു. ഹൈവേ ബഫർ സോൺ ഉത്തരവിനെതിരെ തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച അവകാശ സംരക്ഷണ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതിയുടെ ഉത്തരവ് സാധാരണക്കാരുടെ ജീവിതത്തെ അട്ടിമറിക്കുന്നതാണ്. ദേശീയ പാതയുടെ സമീപത്ത് തലമുറകളായി താമസിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം.ഹൈവേയോരത്തുള്ള വീടുകളും കെട്ടിടങ്ങളും പൊളിക്കുന്നതിന് കാരണമായേക്കാവുന്ന ബഫർ സോൺ ഉത്തരവ് അടിസ്ഥാനപരമായി തന്നെ അനീതിയാണെന്നും ഇത് ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതമാർഗ്ഗം തകർക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. കേരളത്തിൻ്റെ സവിശേഷ സാഹചര്യത്തിൽ ഉത്തരവ് പുനപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി ഇബ്രാഹീം കുട്ടി മംഗലം അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് സാബിർ, ജില്ലാ കമ്മിറ്റി അംഗം സെയ്തലവി കാട്ടേരി, മണ്ഡലം വൈസ് പ്രസിഡണ്ട് ഹംസ വെന്നിയൂർ, മുനിസിപ്പൽ പ്രസിഡണ്ട് നാസർ ചുള്ളിപ്പാറ എന്നിവർ സംസാരിച്ചു.
.jpg)


