സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: സർക്കാർ അനാസ്ഥ അവസാനിപ്പിക്കണം; ഹ്രസ്വകാല കരാറുകളിലൂടെ ഉടൻ വൈദ്യുതി ലഭ്യമാക്കണം - വെൽഫെയർ പാർട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ ജനങ്ങൾ ദുരിതമനുഭവിക്കുമ്പോഴും നോക്കുകുത്തിയായി നിൽക്കുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി. ഉത്പാദകരുമായുള്ള ഹ്രസ്വകാല കരാറുകളിലൂടെ വൈദ്യുതി അടിയന്തരമായി വാങ്ങി ജനങ്ങളുടെ പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണാൻ സർക്കാർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി.
നിലവിലെ വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ സർക്കാരിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. മുന്നറിയിപ്പുകളില്ലാതെ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് കൊടുംചൂടിൽ ജനങ്ങളെ അങ്ങേയറ്റം വലയ്ക്കുകയാണ്. ചെറുകിട വ്യവസായങ്ങളെയും രാത്രികാലങ്ങളിൽ ഓൺലൈൻ ജോലിയെടുക്കുന്നവരെയും ഈ കെടുകാര്യസ്ഥത വലിയ തോതിൽ ബാധിച്ചിരിക്കുന്നു. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്ന പ്രദേശങ്ങളിൽ മുൻകൂട്ടി കൃത്യമായ അറിയിപ്പ് നൽകാൻ പോലും കെ.എസ്.ഇ.ബിയോ സർക്കാരോ തയ്യാറാകാത്തത് തികഞ്ഞ അനാസ്ഥയാണ്.
സംസ്ഥാനത്തിന്റെ വൈദ്യുതി ഉപഭോഗവും ഉത്പാദനവും തമ്മിലുള്ള വലിയ അന്തരമാണ് ഈ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. പ്രതിദിനം 94.76 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന കേരളത്തിൽ വെറും 22.85 ദശലക്ഷം യൂണിറ്റ് മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളും തങ്ങൾക്ക് ആവശ്യമുള്ളതിന്റെ 85 ശതമാനത്തിലധികം സ്വന്തമായി ഉത്പാദിപ്പിക്കുമ്പോൾ, കേരളത്തിന്റെ ഉൽപാദനശേഷി ഇപ്പോഴും കേവലം 27 ശതമാനത്തിൽ ഒതുങ്ങുകയാണ്.
ദീർഘവീക്ഷണമില്ലാത്ത ഊർജ്ജ നയങ്ങളാണ് കേരളത്തെ ഈ ഗതികേടിലെത്തിച്ചത്.ഈ മാസം 15-ഓടെ വൈദ്യുതി ക്ഷാമം പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകാനുള്ള ഒരു നടപടിയും സർക്കാരിന്റെയും ബോർഡിൻ്റെയും ഭാഗത്തു നിന്നുണ്ടാകുന്നില്ല. പ്രതിസന്ധി മറികടക്കാൻ അടിയന്തരമായി ഹ്രസ്വകാല കരാറുകളിലൂടെ വൈദ്യുതി ലഭ്യമാക്കുന്നതോടൊപ്പം, സംസ്ഥാനത്ത് വൈദ്യുതി ഉല്പാദനം വർദ്ധിപ്പിക്കാനുള്ള ശാശ്വത നടപടികൾ കൂടി യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.
.jpg)

