വന്യജീവി ശല്യം: സ്വകാര്യ തോട്ടങ്ങൾ വൃത്തിയാക്കണം : വയനാട് ജില്ലാ കളക്ടർ
വയനാട് : ജില്ലയിൽ വന്യജീവി ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വക്തികളുടെ തോട്ടങ്ങൾ കാട് വെട്ടി വൃത്തിയാക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീ ഉത്തരവിട്ടു. സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങളുടെ കൈവശമുള്ള പരിപാലിക്കാത്ത തോട്ടങ്ങളിൽ വന്യ മൃഗങ്ങളുടെ വിഹാരകേന്ദ്രമാകാൻ സാധ്യതയുള്ളവ കണ്ടെത്തി കാട് വെട്ടിതെളിച്ച് ദുരന്ത സാധ്യത ഒഴിവാക്കണം. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലെത്തി ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് നടപടി.
വനം വകുപ്പ്- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംയുക്തമായി പരിശോധന നടത്തി ഓരോ തദ്ദേശ സ്ഥാപന പരിധിയിലും പരിപാലിക്കാത്ത തോട്ടങ്ങൾ കണ്ടെത്തും. തോട്ടം ഉടമകൾ കൃത്യമായ ഇടവേളകളിൽ കാട് വൃത്തിയാക്കുന്നതിന് മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ നിയമാനുസൃത അറിയിപ്പ് നൽകുകയും കാട് വെട്ടി വൃത്തിയാക്കിയെന്ന് ഉറപ്പാക്കുകയും വേണം. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തതയില്ലാത്ത കേസുകളിൽ തദ്ദേശസ്വയം ഭരണവകുപ്പ് ആവശ്യപ്പെടുന്നതനുസരിച്ച് വിവരങ്ങൾ ലഭ്യമാക്കാൻ തഹസിൽദാർമാർ നടപടി സ്വീകരിക്കണമെന്നും വില്ലേജ് ഓഫീസർമാർക്ക് ആവശ്യമായ അറിയിപ്പ് നൽകാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
.jpg)


