വയനാട് മാതൃകാ ടൗൺഷിപ്പ് ഒന്നാംഘട്ടം സജ്ജം: മുഖ്യമന്ത്രി 25 ന് ഉദ്ഘാടനം ചെയ്യും ; ദുരിതബാധിതർക്ക് കരുതലായി 178 വീടുകൾ പൂർത്തിയാവുന്നു
വയനാട് : മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കൽപ്പറ്റ ഏൽസ്റ്റണിലെ മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാവുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 25 വൈകിട്ട് നാലിന് ഏൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന പരിപാടിയിൽ ടൗൺഷിപ്പിന്റഎ ആദ്യഘട്ട ഉദ്ഘാടനം, ഗുണഭോക്താക്കൾക്ക് പട്ടയ വിതരണം എന്നിവ നിർവഹിക്കും.
ജില്ലയിലെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ വിവിധ സർക്കാർ സംവിധാനങ്ങളുടെയും ഏജൻസികളുടെയും തൊഴിലാളികളുടെയും ഏകോപിതമായ പ്രവർത്തനത്തിലൂടെയാണ് ടൗൺഷിപ്പ് യാഥാർഥ്യമാകുന്നത്. ഏൽസ്റ്റണിൽ 410 വീട്, അനുബന്ധ സൗകര്യങ്ങൾ വിഭാവനം ചെയ്ത ടൗൺഷിപ്പിൽ ഒന്നാംഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ദുരന്തത്തിൽ പൂർണമായും വീട് നഷ്ടമായ കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീടുകൾ നൽകുന്നത്. പ്രകൃതി ദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കും വിധം ഏഴ് സെന്റ് ഭൂമിയിൽ 1000 ചതുരശ്രയടിയിൽ ഒറ്റ നിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരു നില നിർമ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി എൽസ്റ്റൺ എസ്റ്റേറ്റിലെ 64.4705 ഹെക്ടർ ഭൂമിയാണ് ടൗൺഷിപ്പ് നിർമ്മിക്കാൻ സർക്കാർ ഏറ്റെടുത്തത്. ടൗൺഷിപ്പിൽ ഒരുങ്ങുന്ന 410 വീടുകളിലായി 1662 ലധികം ആളുകൾക്കാണ് തണലൊരുങ്ങുന്നത്. *വീടുകൾക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാവും. ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്‌സിനേഷൻ-ഒബ്‌സർവേഷൻ മുറികൾ, ഒപി, ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങളും സജീകരിക്കും. പൊതു മാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പൺ മാർക്കറ്റ്, കുട്ടികൾക്ക് കളി സ്ഥലം, പാർക്കിങ് എന്നിവ ഒരുക്കും. മർട്ടി പർപ്പസ് ഹാൾ, കളി സ്ഥലം, ലൈബ്രറി, സ്‌പോട്‌സ് ക്ലബ്ബ്, ഓപ്പൺ എയർ തിയേറ്റർ എന്നിവ കമ്മ്യൂണിറ്റി സെന്ററിൽ നിർമ്മിക്കും. സോളാർ, മെമ്മോറിയൽ, എം. സി.എഫ് എന്നിവയുണ്ടാകും.
അതിജീവിതർക്ക് സുരക്ഷിത ഇടം വാസയോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഭൂമി ഏറ്റെടുക്കൽ. 2025 മാർച്ച് 27 ന് മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന് തറക്കല്ലിട്ടു. എല്ലാം നഷ്ടമായ ഒരുകൂട്ടം ജനതയുടെ സ്വപ്നമാണ് ഏൽസ്റ്റണിലെ പുനരധിവാസ ടൗൺഷിപ്പ്. ടൗൺഷിപ്പിന്റെ ശേഷിച്ച നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.
കൽപ്പറ്റ ഏൽസ്റ്റണിൽ നടക്കുന്ന ഉദ്ഘാടനത്തിൽ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷനാവും. മന്ത്രിമാരായ ഒ.ആർ കേളു, റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ബി. ഗണേഷ്‌കുമാർ, പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, എം.പി പ്രിയങ്ക ഗാന്ധി, എം.എൽ.എ ടി. സിദ്ദിഖ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, റവന്യു- ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, ടൗൺഷിപ്പ് പ്രോജക്ട് സ്പെഷ്യൽ ഓഫീസർ എസ് സുഹാസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
.jpg)

