മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം: വയനാട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ

WAYANADDRMeghashree

വയനാട് : സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ എല്ലാ രാഷ്ട്രീയ പാർട്ടികളും മാതൃകാ പെരുമാറ്റ ചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പറഞ്ഞു. മാതൃകാ പെരുമാറ്റ ചട്ടം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ  ജില്ലയിൽ അഞ്ച് സ്‌ക്വാഡുകൾക്ക് രൂപം നൽകും. 

tRootC1469263">

ഉദ്യോഗസ്ഥർ സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവർത്തിക്കണം. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോട് വിധേയത്വമോ വെറുപ്പോ കാണിക്കരുത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിച്ച തിയതി മുതൽ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതു വരെ മാതൃകാ പെരുമാറ്റച്ചട്ടം ബാധകമാണ്.

മതസ്പർദ്ധയുണ്ടാക്കാൻ പാടില്ല

രാഷ്ട്രീയകക്ഷികളോ സ്ഥാനാർത്ഥികളോ വിവിധ ജാതികൾ സമുദായങ്ങൾ തമ്മിൽ മത, വംശ, ജാതി, സമുദായ, ഭാഷാപരമായ സംഘർഷങ്ങൾ ഉളവാക്കുന്നതോ നിലവിലുള്ള ഭിന്നതകൾക്ക് ആക്കം കൂട്ടുകയോ പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതോആയ  പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ല. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിന്റെ 121-ാം വകുപ്പ്, കേരള മുനിസിപ്പാലിറ്റി ആക്ടിന്റെ 145-ാംവകുപ്പ് പ്രകാരം മൂന്നുവർഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും.

വിമർശനങ്ങൾക്ക് പരിധിയുണ്ട്

മറ്റു രാഷ്ട്രീയ കക്ഷികളെ വിമർശിക്കുമ്പോൾ അത് അവരുടെ നയങ്ങളിലും പരിപാടികളിലും പൂർവ്വകാല ചരിത്രത്തിലും പ്രവർത്തനങ്ങളിലും മാത്രമായി ഒതുക്കി നിർത്തേണ്ടതാണ്. മറ്റു കക്ഷികളുടെ നേതാക്കൻമാർ, പ്രവർത്തകർ, സ്ഥാനാർത്ഥികൾ  എന്നിവരുടെ പൊതു പ്രവർത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് രാഷ്ട്രീയകക്ഷികൾ വിമർശിക്കരുത്. അടിസ്ഥാനരഹിതമായതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങൾ ഉന്നയിച്ച് മറ്റു കക്ഷികളെയും പ്രവർത്തകരെയും വിമർശിക്കുന്നത് ഒഴിവാക്കണം.

ജാതിയുടേയും മതത്തിന്റേയും പേരിൽ വോട്ട് ചോദിക്കരുത്

സമ്മതിദായകരോട് ജാതിയുടെയും സമുദായത്തിന്റെയും പേരിൽ വോട്ട് ചോദിക്കാൻ പാടില്ല.  പള്ളികൾ, ക്ഷേത്രങ്ങൾ, ചർച്ചുകൾ മറ്റ് ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവ പ്രചാരണത്തിന് വേദിയായി ഉപയോഗിക്കരുത്.

പ്രലോഭനമോ ഭീഷണിയോ പാടില്ല

സമ്മതിദായകർക്ക് പണമോ മറ്റ് പാരിതോഷികങ്ങളോ നൽകുക, ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആൾമാറാട്ടം നടത്തുക എന്നിവ തെരഞ്ഞെടുപ്പ് നിയമപ്രകാരം കുറ്റകൃത്യങ്ങളാണ്.

അനുമതിയില്ലാതെ പരസ്യം സ്ഥാപിക്കരുത്

രാഷ്ട്രീയകക്ഷികളോ സ്ഥാനാർത്ഥികളോ അവരുടെ അനുയായികളോ ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതിൽ തുടങ്ങിയവ അയാളുടെ അനുവാദം കൂടാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊടിമരം നാട്ടുന്നതിനോ ബാനറുകൾ കെട്ടുന്നതിനോ പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങൾ എഴുതുന്നതിനോ ഉപയോഗിക്കാൻ പാടില്ല.

സർക്കാർ ഓഫീസുകളിൽ പരസ്യം പാടില്ല

സർക്കാർ ഓഫീസുകളിലും പരിസരങ്ങളിലും ചുവർ എഴുത്ത്,  പോസ്റ്റർ ഒട്ടിക്കൽ, ബാനർ, കട്ട്ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചരണങ്ങൾക്കോ റാലികൾക്കോ ഉപയോഗിക്കാൻ പാടില്ല.

പൊതുയോഗങ്ങൾക്ക് അനുമതി വേണം

ക്രമസമാധാനം പാലിക്കാൻ ഗതാഗതം നിയന്ത്രിക്കുന്നതിനും പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാർട്ടി, സ്ഥാനാർത്ഥി പോലീസിനെ അറിയിച്ച് അനുമതി നേടണം.

കളക്ടേറ്റ് മിനികോൺഫറൻസ് ഹാളിൽ നടന്ന മാതൃക പെരുമാറ്റച്ചട്ട് അവലോകന യോഗത്തിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, അസിസ്റ്റന്റ് കളക്ടർ പി.പി അർച്ചന, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ നിജു കുര്യൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.കെ വിമൽരാജ്, ജില്ലാ ഇൻഫർമേഷൻ  ഓഫീസർ പി റഷീദ്ബാബു എന്നിവർ പങ്കെടുത്തു.

Tags