വയനാട് ജില്ലയിൽ കോളറ സ്ഥിരികരിച്ചിട്ടില്ല: ജില്ലാ മെഡിക്കൽ ഓഫീസർ

cholera
cholera

വയനാട്  : പനമരം കൂളിവയൽ ഉന്നതിയിൽ ഏട്ട് പേർക്ക് കോളറ സ്ഥിരീകരിച്ചതായി മാധ്യമങ്ങളിൽ  പ്രചരിക്കുന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ. ആൻസി മേരി ജേക്കബ് അറിയിച്ചു. ജില്ലയിൽ കോളറ സ്ഥിരീകരിച്ചിട്ടില്ലെന്നും ഗവ മെഡിക്കൽ കോളേജിൽ നടത്തിയ കൾച്ചർ ആൻഡ് സെൻസിറ്റിവിറ്റി പരിശോധനയിൽ കോളറക്ക് കാരണമായ വിബ്രിയോ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ലെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു. പരിശോധനയിൽ  ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയത്.

tRootC1469263">

ഇ-കോളി ബാക്ടീരിയയുടെ അളവ് കൂടുതലായാൽ ശക്തമായ വയറിളക്ക രോഗങ്ങൾക്ക് കാരണമായേക്കും. ഉന്നതിയിൽ നിന്നുള്ള സാമ്പിളുകൾ ഉയർന്ന പരിശോധനയ്ക്ക് അയക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രോഗ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തി. 22 പേർക്കാണ് വയറിളക്ക രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവരിൽ അഞ്ച് പേർ മാനന്തവാടി ഗവ മെഡിക്കൽ കോളേജിലും രണ്ട് പേർ പനമരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും ചികിത്സയിലാണ്.

കുടിവെള്ള സ്രോതസ്സുകൾ ശരിയായ രീതിയിൽ ക്ലോറിനേറ്റ് ചെയ്യുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ശൗചാലയങ്ങളിൽ പോയ ശേഷവും ഭക്ഷണം പാചകം ചെയ്യൽ, വിളമ്പൽ, കഴിക്കൽ എന്നിവയ്ക്ക് മുമ്പും കൈകൾ ശരിയായ വിധം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, തുറസായ സ്ഥലങ്ങളിൽ മല - മൂത്ര വിസർജ്ജനം നടത്താതിരിക്കുക, പഴങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കുക, വ്യക്തിത്യ- പരിസര  ശുചിത്വം, ഭക്ഷണ ശുചിത്വം  എന്നിവ കർശനമായി പാലിക്കുകയാണ് പ്രതിരോധ മാർഗ്ഗങ്ങൾ. വയറിളക്ക രോഗങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സിക്കാതെ ഉടൻ ആശുപത്രിയിലെത്തിക്കുക. നിർജ്ജലീകരണം തടയാൻ ഒ.ആർ.എസ് ലായനി തയ്യാറാക്കി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം കുടിക്കുക, ആരോഗ്യ ശീലങ്ങൾ പാലിച്ച് വയറിളക്ക രോഗങ്ങൾ പ്രതിരോധിക്കാൻ എല്ലാവരും പ്രവർത്തിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Tags