വനാതിർത്തിയിലെ ആശങ്കകൾക്ക് കൂട്ടായ പരിഹാരം; മനുഷ്യ–വന്യജീവി സഹവർത്തിത്വത്തിന് വയനാട്ടിൽ പുതിയ ചുവടുവെപ്പ്
ബത്തേരി : വനാതിർത്തികളിലെ ജനവാസം, കൃഷിനാശം, വന്യജീവികളുടെ ജനവാസമേഖലയിലേക്കുള്ള കടന്നുകയറ്റം, മനുഷ്യജീവനുകൾക്കുണ്ടാകുന്ന ഭീഷണി... വയനാട് നേരിടുന്ന മനുഷ്യ–വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനവും ശാസ്ത്രീയ ഇടപെടലും ജനപങ്കാളിത്തവും അനിവാര്യമാണെന്ന വിലയിരുത്തലോടെ ത്രിദിന ശിൽപശാല സമാപിച്ചു. വന്യജീവി സംരക്ഷണവും മനുഷ്യരുടെ സുരക്ഷയും ഉപജീവനവും ഒരുപോലെ പരിഗണിക്കുന്ന പ്രാദേശിക പ്രവർത്തനരീതികൾ വികസിപ്പിക്കണമെന്ന നിർദേശമാണ് ചർച്ചകളിൽ ഉയർന്നത്.
വയനാട്ടിലെ മനുഷ്യ–വന്യജീവി സംഘർഷത്തെ കേവലം വനത്തിനുള്ളിലോ വനാതിർത്തിയിലോ ഒതുങ്ങുന്ന പ്രശ്നമായി കാണാനാകില്ല. കൃഷിയിടങ്ങളും ജനവാസകേന്ദ്രങ്ങളും വന്യജീവികളുടെ സഞ്ചാരമേഖലകളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഭൂപ്രകൃതിയിൽ സംഘർഷത്തിന്റെ കാരണങ്ങളും പ്രത്യാഘാതങ്ങളും വ്യത്യസ്തമാണ്. ഈ യാഥാർഥ്യം കണക്കിലെടുത്ത് ദീർഘകാല പരിഹാരങ്ങൾ രൂപപ്പെടുത്തുകയാണ് ശിൽപശാലയുടെ ലക്ഷ്യം.
വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കീഴിലുള്ള സാലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററിയിലെ (WII-SACON) സെന്റർ ഓഫ് എക്സലൻസ് ഓൺ ഹ്യൂമൻ–വൈൽഡ്ലൈഫ് കോൺഫ്ലിക്ടിന്റെ നേതൃത്വത്തിൽ നവംബർ 25 മുതൽ 27 വരെ വയനാട്ടിലെ സപ്ത റിസോർട്ടിലായിരുന്നു ശിൽപശാല.
വനംവകുപ്പ്, പൊലീസ്, ടൂറിസം, മൃഗസംരക്ഷണം, ആരോഗ്യം, പൊതുമരാമത്ത്, വൈദ്യുതി തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികൾ, ഗവേഷകർ, സർവകലാശാലകൾ, വന്യജീവി സംരക്ഷണ സംഘടനകൾ, തദ്ദേശീയ സമൂഹങ്ങൾ, സിവിൽ സൊസൈറ്റി, മാധ്യമങ്ങൾ എന്നിവയുടെ പങ്കാളിത്തം ശിൽപശാലയെ വിവിധ മേഖലകളുടെ സംവാദവേദിയാക്കി.
വയനാടിന് വേണ്ടത് പ്രദേശാധിഷ്ഠിത പരിഹാരം
വയനാട്ടിലെ മനുഷ്യ–വന്യജീവി സംഘർഷത്തിന്റെ സ്വഭാവം എല്ലാ പ്രദേശങ്ങളിലും ഒരുപോലെയല്ല. വനാതിർത്തിയിലെ കൃഷിയിടങ്ങൾ, ജനവാസമേഖലകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വന്യജീവികളുടെ സഞ്ചാരപാതകൾ എന്നിവിടങ്ങളിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. അതിനാൽ പൊതുവായ നിയന്ത്രണ നടപടികൾക്കപ്പുറം ഓരോ പ്രദേശത്തിന്റെയും പാരിസ്ഥിതികവും സാമൂഹികവുമായ സവിശേഷതകൾ പരിഗണിച്ചുള്ള ഇടപെടലുകൾ വേണമെന്ന ആശയത്തിന് ചർച്ചകളിൽ പ്രാധാന്യം ലഭിച്ചു.
സംഘർഷസാധ്യത മുൻകൂട്ടി തിരിച്ചറിയൽ, വിവിധ വകുപ്പുകൾക്കിടയിലെ വിവരവിനിമയം, അടിയന്തര സാഹചര്യങ്ങളിലെ ഏകോപിത പ്രതികരണം, ശാസ്ത്രീയ നിരീക്ഷണം, ജനങ്ങളുടെ പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും വിലയിരുത്തി.
സെന്റർ ഓഫ് എക്സലൻസ് ഓൺ ഹ്യൂമൻ–വൈൽഡ്ലൈഫ് കോൺഫ്ലിക്ടിന്റെ നോഡൽ ഓഫീസറും സയന്റിസ്റ്റ്-ജിയുമായ ഡോ. കെ. രമേശ് കേന്ദ്രത്തിന്റെ ലക്ഷ്യങ്ങളും ആറ് പ്രധാന പ്രവർത്തന ഘടകങ്ങളും അവതരിപ്പിച്ചു. വയനാട് വന്യജീവി വിഭാഗം അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അജിത് കെ. രാമൻ, ഫ്ലയിങ് സ്ക്വാഡ് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡോ. ഷജ്ന കരീം, നോർത്ത് വയനാട് ഡിവിഷൻ അസിസ്റ്റന്റ് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആദർശ് ജി. ഐഎഫ്എസ് എന്നിവരും വകുപ്പുതല ഏകോപനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു.
ജനങ്ങളുടെ ആശങ്കകൾ നയരൂപീകരണത്തിന്റെ ഭാഗമാകണം
മനുഷ്യ–വന്യജീവി സംഘർഷം നേരിട്ട് ബാധിക്കുന്ന ജനവിഭാഗങ്ങളുടെ അനുഭവങ്ങളും പ്രാദേശിക അറിവുകളും പരിഹാര പദ്ധതികളുടെ ഭാഗമാക്കണമെന്ന നിർദേശവും ചർച്ചയായി. കർഷകർ നേരിടുന്ന നഷ്ടങ്ങൾ, വനാതിർത്തിയിലെ കുടുംബങ്ങളുടെ സുരക്ഷാഭീതികൾ, വന്യജീവി സാന്നിധ്യം മൂലമുള്ള ദൈനംദിന ജീവിതപ്രയാസങ്ങൾ എന്നിവ പരിഗണിക്കാതെ ഫലപ്രദമായ സഹവർത്തിത്വ മാതൃക സാധ്യമാകില്ലെന്ന കാഴ്ചപ്പാടാണ് ഉയർന്നത്.
വിനോദസഞ്ചാര സ്ഥാപനങ്ങളും സന്ദർശകരും വന്യജീവികളുമായുള്ള മനുഷ്യ ഇടപെടലുകളിൽ ചെലുത്തുന്ന സ്വാധീനവും വിലയിരുത്തി. വയനാടിന്റെ പരിസ്ഥിതി സവിശേഷതകൾ സംരക്ഷിക്കുന്നതിനൊപ്പം ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തു.
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല, കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസ്, എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ വയനാട് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഗവേഷണ–അക്കാദമിക സഹകരണ സാധ്യതകൾ അവതരിപ്പിച്ചു.
**സംഘർഷ വാർത്തകളിൽ മാധ്യമങ്ങളുടെ ഉത്തരവാദിത്തം**
മനുഷ്യ–വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകൾ പൊതുസമൂഹത്തിന്റെ വന്യജീവികളോടുള്ള സമീപനത്തെ സ്വാധീനിക്കുന്നതിനാൽ മാധ്യമങ്ങളുടെ ഇടപെടലും ശിൽപശാലയിൽ പ്രത്യേക ചർച്ചയായി. മാധ്യമ പ്രതിനിധികൾ പങ്കെടുത്തു.
സംഘർഷ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ വസ്തുതകൾക്കും ശാസ്ത്രീയ വിശദീകരണങ്ങൾക്കും പ്രാധാന്യം നൽകുക, അനാവശ്യ ഭീതിയും വിദ്വേഷവും വളർത്തുന്ന അവതരണങ്ങൾ ഒഴിവാക്കുക, വന്യജീവി സംരക്ഷണത്തിന്റെയും ജനങ്ങളുടെ സുരക്ഷയുടെയും പ്രാധാന്യം ഒരുപോലെ പൊതുസമൂഹത്തിലെത്തിക്കുക തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.
വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി നടത്തിയ ഗ്രൂപ്പ് ചർച്ചകളിൽ പ്രധാന വെല്ലുവിളികളും സാധ്യതകളും വിലയിരുത്തി. സെന്റർ ഓഫ് എക്സലൻസിന്റെ ആറ് പ്രവർത്തന ഘടകങ്ങളെ അടിസ്ഥാനമാക്കി തുടർപ്രവർത്തന പദ്ധതികളും രൂപപ്പെടുത്തി.
വയനാട്ടിൽ മനുഷ്യ–വന്യജീവി സംഘർഷത്തിന് പരിഹാരം കണ്ടെത്തുക എന്നത് വന്യജീവികളെ നിയന്ത്രിക്കുന്നതിലോ ജനങ്ങളെ വനാതിർത്തികളിൽ നിന്ന് മാറ്റിനിർത്തുന്നതിലോ മാത്രം ഒതുങ്ങുന്നില്ല. വനത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം സംരക്ഷിച്ചുകൊണ്ട് ജനങ്ങളുടെ ജീവനും സ്വത്തിനും ഉപജീവനത്തിനും സുരക്ഷ ഉറപ്പാക്കുന്ന സംവിധാനമാണ് കാലഘട്ടത്തിന്റെ ആവശ്യം. ഈ ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങളിൽ ശാസ്ത്രവും ഭരണകൂടവും പ്രാദേശിക സമൂഹവും മാധ്യമങ്ങളും ഒരുമിക്കണമെന്ന സന്ദേശമാണ് വയനാട്ടിലെ ത്രിദിന ശിൽപശാല മുന്നോട്ടുവെച്ചത്.
.jpg)

