വോട്ടർപട്ടിക പരിഷ്‌കരണം; വയനാട് ജില്ലയിൽ പുറത്താക്കൽ പട്ടികയിൽ 37,368 പേർ

Final voter list for Lok Sabha elections; 6.49 lakh voters have increased
Final voter list for Lok Sabha elections; 6.49 lakh voters have increased

വയനാട് : വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ ജില്ലയിലെ 37,368 പേരുടെ ഫോമുകൾ ശേഖരിക്കാൻ കഴിഞ്ഞില്ലെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ഇവരിൽ 13,717 പേർ മരണപ്പെട്ടവരും 14,375 പേർ ജില്ലയ്ക്ക് പുറത്ത് സ്ഥിരമായി താമസം മാറിയവരുമാണ്. 2593 പേർ വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേരുള്ളവരാണ്. ഇതിൽ കണ്ടെത്താൻ കഴിയാത്തത് 6126 പേരെയാണ്. ഫോം വാങ്ങാനോ തിരികെ നൽകാനോ വിസമ്മതിച്ചത് ഉൾപ്പെടെയുള്ള മറ്റ് കാരണങ്ങളാൽ 557 പേരുടെ വിവരശേഖരണവും സാധ്യമായിട്ടില്ലെന്ന് കളക്ടറേറ്റിൽ ചേർന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ജില്ലാ കളക്ടർ വിശദീകരിച്ചു.

tRootC1469263">

ജില്ലയിലുള്ള 6,41,710 വോട്ടർമാരിൽ എല്ലാവരുടെയും എന്യൂമറേഷൻ ഫോമുകളുടെ ഡിജിറ്റൈസേഷൻ പൂർത്തിയായി. ഫോമുകൾ പൂരിപ്പിച്ച് നൽകിയവരിൽ 511543 പേർക്കാണ് 2002- ലെ വോട്ടർ പട്ടികയിൽ സ്വന്തം പേരോ അടുത്ത ബന്ധുക്കളുടെ പേരോ ഇല്ലാത്തത്. ആവശ്യമായ വിവരങ്ങൾ സമർപ്പിക്കാത്തവരെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ ഹിയറിങിന് വിളിക്കും. വോട്ടർ പട്ടികയിൽ പേരുള്ള ഒരാളെ ഹിയറിങിന് ശേഷം പട്ടികയിൽ നിന്നും ഒഴിവാക്കുകയാണെങ്കിൽ ഉത്തരവ് പുറത്തിറങ്ങി 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അപ്പീൽ നൽകാം. അപ്പീൽ ഉത്തരവിന് ശേഷം 30 ദിവസത്തിനകം ചീഫ് ഇലക്ടറൽ ഓഫീസർക്ക് രണ്ടാം അപ്പീൽ നൽകാനും അവസരമുണ്ട്.

എസ്.ഐ.ആർ നടപടികളിലൂടെ ക്രോഡീകരിച്ച വിവരങ്ങൾ ഉൾപ്പെടുത്തി ഡിസംബർ 23 ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. കരട് പട്ടികയിൽ ഉൾപ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക അതത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ നോട്ടീസ് ബോർഡിലും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും പട്ടിക പ്രസിദ്ധീകരിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് പട്ടിക ലഭ്യമാക്കുമെന്ന് കളക്ടർ യോഗത്തിൽ അറിയിച്ചു. പൊതുജനങ്ങൾക്ക് പട്ടിക പരിശോധിച്ച് പട്ടികയിൽ പേരില്ലാത്തതിന്റെ കാരണങ്ങൾ അറിയാൻ സാധിക്കും. കരട് വോട്ടർ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ഡിസംബർ 23 മുതൽ 2026 ജനുവരി 22 വരെ നൽകാം. എസ്.ഐ.ആർ എന്യൂമറേഷൻ ഫോമുകൾ നിശ്ചിത സമയത്ത് നൽകാൻ കഴിയാത്തവർക്ക് ഈ കാലയളവിൽ ഫോം 6 ഉം സത്യവാങ്മൂലവും സമർപ്പിച്ച് വോട്ടർ പട്ടികയിൽ പേര് ചേർക്കാം.

എന്യൂമറേഷൻ ഫോമുകളിലെ തീരുമാനങ്ങൾ, പരാതി തീർപ്പാക്കൽ എന്നിവ ഡിസംബർ 23 മുതൽ 2026 ഫെബ്രുവരി 14 വരെ നടക്കും. ഫെബ്രുവരി 21 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഇതിന് ശേഷവും നിയമസഭാ തെരഞ്ഞെടുപ്പിന് നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനും മാറ്റങ്ങൾ വരുത്താനും അവസരമുണ്ടാകും. ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന് യോഗത്തിൽ അസിസ്റ്റന്റ് കളക്ടർ പി.പി അർച്ചന, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ നിജു കുര്യൻ, ഡെപ്യൂട്ടി കളക്ടർ (എൽ. ആർ) മനോജ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Tags