സാമൂഹ്യ മാധ്യമങ്ങളും ഓൺലൈൻ ആപ്പുകളും കർശന പരിശോധനയ്ക്ക് വിധേയമാക്കണം: സംസ്ഥാന വനിതാ കമ്മീഷൻ

Kerala Women Commission

വയനാട് : സാമൂഹ്യ മാധ്യമങ്ങളും ഓൺലൈൻ ആപ്പുകളും കർശന പരിശോധനയ്ക്ക് വിധേയമാക്കി നിരോധിക്കുകയോ നിയമനടപടി സ്വീകരിക്കുകയോ വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. സൈബർ സെൽ, ഐടി ആക്ട് എന്നിവയെ കുറിച്ച്  പൊതുസമൂഹത്തിൽ ശക്തമായ ബോധവൽക്കരണം നടത്തണം. 

നിയമപരമായ കാര്യങ്ങളെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് യുവതലമുറ പലപ്പോഴും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ അപകടങ്ങളിൽപ്പെട്ട് ജീവിതം നശിപ്പിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും ദുരുപയോഗപ്പെടുത്തി കുട്ടികളെയും സ്ത്രീകളെയും മോശമായി ചിത്രീകരിക്കുന്ന ഓൺലൈൻ ആപ്പുകൾ ഇപ്പോൾ വ്യാപകമാണ്. മോർഫിംഗ്, സൈബർ സ്റ്റോക്കിംഗ് ഉൾപ്പെടെ വ്യാജ പ്രൊഫൈലുകൾ വരെയുണ്ടാക്കി  സ്ത്രീകളെ മോശമായി ചിത്രീകരിക്കാനും ഭീഷണിപ്പെടുത്താനും  തെറ്റായ കാര്യങ്ങൾക്ക് ഉപയോഗിക്കാനുമുള്ള പ്രവണത കൂടുകയാണ്. ഈ സാഹചര്യത്തിൽ സാമൂഹ്യ മാധ്യമങ്ങളെ കുറിച്ചുള്ള ബോധവൽക്കരണവും നിയമങ്ങളും കർശനമായി നടപ്പിലാക്കണമെന്നും അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു.

അദാലത്തിൽ 32 പരാതികൾ പരിഗണിച്ചു. പത്ത് പരാതികൾ തീർപ്പാക്കുകയും  രണ്ട് കേസുകളിന്മേൽ പൊലീസിൽ നിന്നുള്ള റിപ്പോർട്ട് തേടുകയും ചെയ്തു.  20 കേസുകൾ അടുത്ത അദാലത്തിൽ വാദം കേൾക്കാനായി മാറ്റിവെച്ചു. പുതിയതായി ഏഴ് പരാതികൾ അദാലത്തിൽ സ്വീകരിച്ചു.

Tags