വയനാട് ജില്ലയിൽ കൂടുതൽ മഴ മാപിനികൾ സ്ഥാപിക്കും: മന്ത്രി. ടി സിദ്ധീഖ്

T Siddique MLA

വയനാട് : ദുരന്ത സാധ്യത പരിഗണിച്ച് ജില്ലയിൽ കൂടുതൽ മഴ മാപിനികൾ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള കൃഷി വകുപ്പ് മന്ത്രി ടി.സിദ്ധീഖ് പറഞ്ഞു. മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഉപയോഗ ശൂന്യമായതും അപകടാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങൾ പൊളിക്കുന്നതിനും അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി. 

ജില്ലയിൽ 192 ദുരന്ത സാധ്യതാ പ്രദേശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള ദുരന്തങ്ങളുണ്ടായാൽ ആളുകളെ മാറ്റി പാർപ്പിക്കുന്നതിന് 251 ക്യാമ്പുകൾ സജ്ജീകരിക്കാൻ സാധിക്കും. ഇവിടേക്ക് 30330 പേരെ മാറ്റിപ്പാർപ്പിക്കാൻ കഴിയും. മഴക്കാല മുന്നൊരുക്കങ്ങൾക്കും ക്യാമ്പ് സജ്ജീകരണത്തിനുമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾക്ക് ഒരു കോടി രൂപ നൽകി. തദ്ദേശ സ്ഥാപന തലത്തിൽ മഴക്കാല മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനും മന്ത്രി നിർദേശം നൽകി.

ശക്തമായ മഴയിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ ഇന്റർ സ്റ്റേറ്റ് ഏകോപനമുണ്ടാവണമെന്നും മന്ത്രി പറഞ്ഞു. ആന്റിവെനം, മരുന്നുകൾ എന്നിവ ആവശ്യത്തിന് സ്റ്റോക്ക് ചെയ്യണം. ഗോത്രവിഭാഗക്കാരുടെ വീടുകൾ സംരക്ഷിക്കുന്നതിന് ഷീറ്റുകൾ നൽകുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണം. തകർന്ന റോഡുകൾ മഴ ശക്തിപ്പെടുന്നതിന് മുമ്പ് തന്നെ ഗതാഗത യോഗ്യമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ദുരന്ത സാധ്യതാ മേഖലകളിൽ താമസിക്കുന്ന മുഴുവൻ എസ്റ്റേറ്റ് തൊഴിലാളികളടേയും വിവര ശേഖരണം നടത്തണം. ഇവർ താമസിക്കുന്ന വീടുകളുടേയും കെട്ടിടങ്ങളുടേയും ഫിറ്റ്നസ് പരിശോധിക്കണം. സ്‌കൂളുകളിലെ കുടിവെള്ളം പരിശോധിച്ച് ഉപയോഗ യോഗ്യമാണെന്ന് ഉറപ്പ് വരുത്തണം. ഭക്ഷ്യ വിഷബാധ തടയുന്നതിനുള്ള നടപടികളും സ്വീകരിക്കണം. ശക്തമായ മഴയുള്ള ദിവസങ്ങളിൽ രണ്ട് നേരം മഴയുടെ തോത് അളന്ന് സ്ഥിതിഗതികൾ വിലയിരുത്താനും യഥാസമയം പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാനും  മന്ത്രി നിർദേശം നൽകി.

ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, ജില്ലാ പൊലീസ് മേധാവി അരുൺ കെ പവിത്രൻ, എ.ഡി.എം എ ജയശ്രീ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എം.കെ ഇന്ദു, സുൽത്താൻ ബത്തേരി വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Tags