ഷിഗെല്ല:വയനാട് ജില്ലയിൽ ഒരാഴ്ച നീളുന്ന ക്ലോറിനേഷൻ ഡ്രൈവ്, ഹോട്ടലുകളിൽ പരിശോധന നടത്തും
വയനാട് : ജല സ്രോതസുകൾ ശുദ്ധീകരിക്കാൻ ജില്ലയിൽ ഒരാഴ്ച നീളുന്ന ക്ലോറിനേഷൻ ഡ്രൈവും ഹോട്ടലുകൾ, മറ്റ് സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കാൻ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വയനാട് ഗവ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മന്ത്രിയുടെ അധ്യക്ഷതയിൽ കോളെജിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ മുഴുവൻ കിണറുകളും മറ്റ് ജല സ്രോതസുകളും ശുദ്ധീകരിക്കാൻ ഒരാഴ്ച നീളുന്ന ക്ലോറിനേഷൻ ഡ്രൈവ് നടത്തും. ഇടയ്ക്കിടെ മഴ ശക്തമാവുന്ന സാഹചര്യത്തിൽ സാംക്രമിക രോഗങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കണമെന്നും വ്യക്തി-പരിസര ശുചിത്വം പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
കോളേജിലെ മൂന്ന് വിദ്യാർത്ഥികൾക്ക് കൂടി രോഗലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്. വിദ്യാർത്ഥികൾ ഭക്ഷണം കഴിച്ച ഹോട്ടലുകൾ കണ്ടെത്തി അവിടെ ഭക്ഷണത്തിന് ഉപയോഗിക്കുന്ന വെള്ളം പരിശോധിക്കും. ഷിഗെല്ല സ്ഥിരീകരിച്ച വിവരം ലഭിച്ചതിന് പിന്നാലെ തവിഞ്ഞാൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് അടിയന്തര നടപടികൾ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. കോളേജിലെ വിദ്യാർത്ഥികൾ താമസിക്കുന്ന എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്തും. ഷിഗെല്ല ഉൾപ്പെടെയുള്ള രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനാണ് ഒരാഴ്ച നീളുന്ന ക്ലോറിനേഷനും ശുചീകരണ യജ്ഞവും നടത്തുന്നത്. ഇക്കാലയളവിൽ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലുള്ള കിണറുകൾ, ഹോട്ടലുകൾ, മറ്റ് സ്ഥാപനങ്ങളിൽ പരിശോധന നടത്തി ജലസ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുകയാണ് ലക്ഷ്യം.
ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക യോഗം ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. വാർഡ് തലത്തിൽ യോഗം ചേർന്ന് കിണറുകളുടെ ക്ലോറിനേഷനും ശുചിത്വം ഉറപ്പുവരുത്താനുള്ള നടപടികളും സ്വീകരിക്കും. പൊതുജനങ്ങൾ തിളപ്പാറിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂവെന്നും വ്യക്തി ശുചിത്വം കർശനമായി പാലിക്കണമെന്നും മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. ഹോട്ടലുകളിൽ ചൂട് വെള്ളവും തണുത്ത വെള്ളവും കൂട്ടിക്കലർത്തി നൽകാൻ പാടില്ല. ജില്ലയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിക്കപ്പെട്ട സാഹചര്യം സംസ്ഥാന സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എം.എൽ.എ ഉഷ വിജയൻ, എ.ഡി.എം കെ അജീഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മൊയ്തീൻ ഷാ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജി ബിജു, താഹസിൽദാർ എം.സി രാകേഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ പി ദിനീഷ്, കോളേജ് പ്രിൻസിപ്പൽ എം സരിത, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ, കോളേജ് അധികൃതർ യോഗത്തിൽ പങ്കെടുത്തു.
.jpg)

