വയനാട് ജില്ലയിൽ അഞ്ച് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

shigella

വയനാട് : ജില്ലയിൽ അഞ്ച് കുട്ടികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള പെൺകുട്ടികൾക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗം സ്ഥിരീകരിച്ച എട്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡിഷണൽ ഡയറക്ടർ ഡോ. കെ പി റീത്തയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല വിദഗ്ധ സംഘം കോളിയാടിയും പരിസരപ്രദേശവും സന്ദർശിച്ചു. രോഗവ്യാപനം തടയാനുമുള്ള നിർദ്ദേശങ്ങൾ സംഘം നൽകി.

ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ രോഗ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളും നേരിട്ടുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും പ്രദേശത്ത് ഊർജ്ജിതമായി നടന്നു വരികയാണ്. കുടിവെള്ള സ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിന് പ്രത്യേക ക്ലോറിനേഷൻ ഡ്രൈവ് നടക്കുന്നു. ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിർദ്ദേശങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും വ്യക്തി, ഭക്ഷണ, പരിസര ശുചിത്വ കാര്യങ്ങളിൽ യാതൊരുവിധ വീഴ്ചയും വരുത്തരുതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ. കെ.ടി. രേഖ അറിയിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും ഡി.എം.ഒ അറിയിച്ചു.

Tags