ഷിഗെല്ല : വയനാട് നെന്മേനി ജില്ലയിലെ പഞ്ചായത്തിൽ ഒരാഴ്ച ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണം

shigella

വയനാട് : നെന്മേനി പഞ്ചായത്തിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ആൾക്കൂട്ടങ്ങൾക്ക് ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. പഞ്ചായത്ത് പരിധിയിലെ മുഴുവൻ പ്രദേശങ്ങളിലും ബുധനാഴ്ച മുതൽ ഏഴ് ദിവസത്തേക്ക് താത്കാലിക ചന്തകൾ, റാലികൾ എന്നിവ പരമാവധി ഒഴിവാക്കണം. പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും പരമാവധി ഒഴിവാക്കണം. വിവാഹം, മരണാന്തര ചടങ്ങുകൾ എന്നിവയിൽ കഴിവതും ആളുകളുടെ എണ്ണം നിയന്ത്രിക്കുകയും സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുകയും വേണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിവെള്ള ആവശ്യത്തിനു ഉപയോഗിക്കാവൂ.

രോഗലക്ഷണങ്ങൾ പ്രകടമാവുന്ന ആരും സ്വയ ചികിത്സയ്ക്ക് മുതിരരുത്. നിർബന്ധമായും അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തി വിദഗ്ധ ചികിത്സ തേടണം. നിലവിൽ രോഗലക്ഷണങ്ങളുള്ളവരുടെ സമ്പർക്ക പട്ടിക താലൂക്ക് ആരോഗ്യ കേന്ദ്രത്തിൽ തയ്യാറാക്കുകയും അവരെ നിരീക്ഷിക്കുകയും ചെയ്യും. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, തട്ടുകടകൾ എന്നിവയിൽ കർശന പരിശോധന നടത്തി നിയമപരമായ നടപടികൾ സ്വീകരിക്കാനും കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യാനും ഭക്ഷ്യ സുരക്ഷാ വകുപ്പിനും ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ഉന്നതികളിലെ പരിസര ശുചിത്വം ഉൾപ്പെടെയുള്ള കാര്യങ്ങിൽ ട്രൈബൽ വകുപ്പ് നടപടി സ്വീകരിക്കും. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേരള പബ്ലിക് ഹെൽത്ത് ആക്ട് 2023 സെക്ഷൻ 65, ഭാരതീയ ന്യായ് സംഹിത സെക്ഷൻ 223 എന്നിവ പ്രകാരം നടപടിയുണ്ടാകുമെന്നും കളക്ടർ വ്യക്തമാക്കി.

Tags