ഭരണാനുകൂല സർവ്വിസ് സംഘടനകളുടെ തമ്മിലടി അവസാനിപ്പിക്കണം; എൻ.ജി.ഒ അസോസിയേഷൻ

The infighting among pro-government service organizations should end; NGO Association
The infighting among pro-government service organizations should end; NGO Association


കൽപ്പറ്റ: വയനാട് പ്രിൻസിപ്പൽ കൃഷി ആഫീസിലെ വനിതാ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്നു നടക്കുന്ന ഭരണാനുകൂല സർവ്വീസ് സംഘടനകളുടെ ചെളിവാരിയെറിയൽ അവസാനിപ്പിക്കണമെന്ന് എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം പോലുള്ള വളരെ പ്രധാനപ്പെട്ട വിഷയങ്ങൾ പരിഹരിക്കാതിരിക്കുകയും സർക്കാർ ജീവനക്കാരെ ബാധിക്കുന്ന ക്ഷാമബത്ത കുടിശ്ശിക, 12-ാംശമ്പള പരിഷ്കരണ കമ്മിഷനെ പ്രഖ്യാപിക്കാത്തത്, 11-ാo ശമ്പള പരിഷ്കരണ കുടിശ്ശിക ഒരു ഗഡു പോലും ജീവനക്കാർക്ക് ലഭിക്കാതിരിക്കുന്ന ഗുരുതര സാഹചര്യം, ഇവയൊന്നും ഏറ്റെടുക്കാതെ ചേട്ടൻ ബാവയും അനിയൻ ബാവയും  കളിക്കുകയാണ് എൻ.ജി.ഒ യൂണിയനും ജോയിന്റ് കൗൺസിലെന്നും അദ്ദേഹം ആരോപിച്ചു.

  ഭീമമായ പണപിരിവ് നടത്താനുള്ള ഉപാധി മാത്രമായിട്ടാണ് ജീവനക്കാരെ ഇവർ കാണുന്നത്. കഴിഞ്ഞ ഒൻപത് വർഷമായി കാര്യമായ ഒരു പ്രതിഷേധങ്ങൾ പോലും സിവിൽ സ്റ്റേഷനിൽ സംഘടിപ്പിക്കാതെ ഇതൊരു അവസരമാക്കി മാറ്റാനാണ് എൻ.ജി.ഒ യൂണിയൻ ശ്രമിക്കുന്നത്. 
കളക്ട്രേറ്റിൽ മിക്ക സെക്ഷനുകളിലും ഭൂമിതരംമാറ്റം ഉൾപ്പെടെ ഫയലുകൾ തീരുമാനമാകാതെ കെട്ടി കിടക്കുമ്പോൾ  നേതാക്കൾ ചില സീറ്റുകളിൽ വർഷങ്ങളായി ചടഞ്ഞിരിക്കുകയാണ്. 

25-02-2017 സർക്കാർ ഉത്തരവ് നം3/2017 പ്രകാരം എല്ലാ വകുപ്പുകളിലും ഓൺലൈൻ സ്ഥലമാറ്റം നിർബന്ധമാക്കിയിരിക്കെ,ചില വകുപ്പുകളിലും ഓഫിസുകളിലും പതിമൂന്നും പതിന്നാലും വർഷങ്ങളായി സ്ഥലം മാറ്റം നടക്കാതിരിക്കുന്നതാണ്, ഓഫീസിലുള്ളവർ തമ്മിൽ പോലും ഉള്ള പ്രശ്നങ്ങൾക്ക് പ്രധാന കാരണം. സാമുഹ്യ പെൻഷൻ കൈപറ്റി സസ്പെൻഷനിലായ ജീവനക്കാരൻ മുമ്പിരുന്ന കളക്ട്രേറ്റിലെ ഒരു പ്രധാന സീറ്റിൽ ഫയൽ കെട്ടി കിടന്നതിനെ തുടർന്ന് നൽകിയ മെമ്മോക്ക് മറുപടി  കിട്ടിയോ, തുടർ നടപടി എന്താണ് എന്ന്' ഉത്തരവാദിത്വപ്പെട്ടവർ വ്യക്തമാക്കണം. സ്ഥാപിത താല്പര്യക്കാരായ സംഘടനാ നേതാക്കൾ തന്നെയാണ് ഇത്തരക്കാരെ സംരക്ഷിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

 ഈ രണ്ട് സംഘടനകളും അവരവരുടെ വകുപ്പുകൾ സാമ്രാജ്യമായി വച്ചിരിക്കുകയാണെന്നും ഇങ്ങനെ പോയാൽ സ്ഥലമാറ്റ പീഢനത്തിനെ തുടർന്ന് ആത്മഹത്യ ചെയ്ത പോൾ തോമസ്, നവീൻ ബാബു എന്നിവരുടെ പിൻഗാമികൾ ഇനിയും ഉണ്ടാവുമെന്നും പാർട്ടി നേതൃത്വങ്ങൾ ഇടപ്പെട്ട് മേൽപറഞ്ഞ സർവ്വീസ് സംഘടനകളെ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags