വിമൻ ചേംബർ സംഘടിപ്പിക്കുന്ന 'മിസ്സിസ് വയനാടൻ മങ്ക' ഫാഷൻ ഷോ 17 ന് കൽപ്പറ്റയിൽ

google news
afsf

കൽപ്പറ്റ : വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കുന്ന മിസ്സിസ്  വയനാടൻ മങ്ക ഫാഷൻ ഷോ സെപ്റ്റംബർ 17 ന്  കൽപ്പറ്റയിൽ  നടക്കും. 18 വയസ്സിനു മുകളിൽ പ്രായമുള്ള വിവാഹിതരായ സ്ത്രീകൾക്ക് വേണ്ടിയാണ് ഫാഷൻ ഷോ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൽപ്പറ്റ മർസാ ഇൻ ഹോട്ടലിൽ വെച്ചാണ് ഫാഷൻ ഷോ അരങ്ങേറുക. ഞായറാഴ്ച വൈകീട്ട് അഞ്ചു മുതൽ മിസിസ് വയനാടൻ മങ്ക  പട്ടത്തിനായുള്ള മത്സരം തുടങ്ങും. മൂന്നു റൗണ്ടുകളിലാണ് മത്സരാർത്ഥികൾ പങ്കെടുക്കേണ്ടത്.

പതിനഞ്ചു പേരാണ് മിസ്സിസ് വയനാടൻ മങ്ക പട്ടത്തിനായി മത്സര രംഗത്തുള്ളതെന്നു വിമൻ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ വാർത്ത സാമേളനത്തിൽ അറിയിച്ചു. പാരമ്പര്യ തനിമയിൽ ഊന്നിയുള്ള നൂതന വസ്ത്ര-ഫാഷൻ സങ്കല്‌പങ്ങളെയാണ് മത്സരത്തിൽ പ്രോത്സാഹിപ്പിക്കുന്നത്.

സ്വയം പരിചയപ്പെടുത്തൽ, റാമ്പ് വാക്, ചോദ്യോത്തര വേള എന്നീ വിഭാഗങ്ങളാണ് മത്സരത്തിൽ ഉണ്ടാവുക. ഫാഷൻ മേഖലയിലെ വിദഗ്ദ്‌ധരാണ് മത്സരത്തിലെ വിധികർത്താക്കളായി എത്തുന്നത്. മത്സരാത്ഥികളുടെ സൗന്ദര്യം, ബുദ്ധി, ആത്‌മവിശ്വാസം അറിവ് എന്നിവയിലെ മികവുകളാണ് അളക്കുന്നത്. കൂടാതെ ബ്യൂട്ടിഫുൾ സ്മൈൽ, ബ്യൂട്ടിഫുൾ റാമ്പ് വാക്, ബ്യൂട്ടിഫുൾ ഐസ്, ബ്യൂട്ടിഫുൾ സ്‌കിൻ, ബ്യൂട്ടിഫുൾ ഹെയർ, ഫോട്ടോജനിക് തുടങ്ങി പതിനൊന്നു ടൈറ്റിലുകളും ഉണ്ടാകും.വൈകിട്ട് അഞ്ചു മണിക്ക് വശ്യമായ സംഗീതത്തിന്റെ അകമ്പടിയിൽ പ്രത്യേകം സജ്ജമാക്കിയ റാമ്പിലാണ് വയനാട്ടിലെ സുന്ദരികൾ വയനാടൻ മങ്ക പട്ടത്തിനായി വേദിയിലെത്തുക..

ആദ്യമായിട്ടാണ് വയനാട്ടിൽ ഇത്തരമൊരു പരിപാടി നടക്കുന്നത്. വലിയ നഗരങ്ങളിൽ മാത്രം അരങ്ങേറുന്ന ഒരു പരിപാടിയ്ക്കാണ് വിമൻ ചേംബർ വയനാട്ടിൽ തുടക്കമിടുന്നതെന്നു ചേംബർ ഭാരവാഹികൾ അറിയിച്ചു. ഫാഷൻ വ്യവസായത്തിന് വയനാട്ടിലെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. വയനാട്ടിൽ ഫാഷൻ വ്യവസായത്തിന് മികച്ച സാധ്യതകളാണുള്ളത്. വയനാട്ടിൽ അടുത്തിടെ പ്രവർത്തനം തുടങ്ങിയിട്ടുള്ള ബ്രാൻഡുകൾ പരിപാടിയുമായി സഹകരിയ്ക്കുന്നുണ്ട്. മത്സരാത്ഥികളിൽ നിന്ന് ലഭിച്ച അഭൂതപൂർവ്വമായ പ്രതികരണം കണക്കിലെടുത്ത് എല്ലാ വർഷവും ഷോ സംഘടിപ്പിക്കാൻ ആലോചിയ്ക്കുന്നതായി വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികൾ വ്യക്തമാക്കി. മർസ ഇന്നിൽ  ഞായറാഴ്ച  വൈകിട്ട് 5 നു പരിപാടികൾ ആരംഭിക്കും. പ്രവേശനം സൗജന്യ പാസ്സ് മൂലം നിയന്ത്രിക്കും. വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികളായ ബിന്ദു മിൽട്ടൺ, അന്ന ബെന്നി, ഡോക്‌ടർ നിഷ ബിപിൻ, പാർവതി വിഷ്ണു‌ദാസ്,ബീന സുരേഷ്, എം.ഡി.ശ്യാമള  എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags