കേരളത്തിൽ നാളികേര പുനരുദ്ധാരണ പദ്ധതി ഉടൻ ആരംഭിക്കും: മന്ത്രി ടി സിദ്ദീഖ്

T. Siddique MLA's outcry; Disaster victims file complaint

കോഴിക്കോട് : കേരളത്തിൽ നാളികേര ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള നാളികേര പുനരുദ്ധാരണ പദ്ധതി ഉടൻ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ്. വേങ്ങേരി തടമ്പാട്ടുതാഴത്തെ കാർഷിക വിപണന കേന്ദ്രം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിസ്തൃതിയിൽ നാളികേരം കൃഷി ചെയ്യുന്ന സംസ്ഥാനമായിട്ടും ഏറ്റവും കുറവ് ഉൽപാദനം ഇവിടെയാണ്. ഇത് പരിഹരിക്കാൻ മികച്ച ഉൽപാദനക്ഷമതയുള്ള തെങ്ങിൻതൈകൾ കൈമാറും. നാളികേര പുനരുദ്ധാരണ പദ്ധതിയുമായി ബന്ധപ്പെട്ട് കർഷക ദിനത്തിൽ പ്രാഥമിക ചർച്ചകൾ നടക്കുമെന്നും മന്ത്രി പറഞ്ഞു. ഓണവുമായി ബന്ധപ്പെട്ട് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിൽ 2000 പച്ചക്കറി ചന്തകൾ ആരംഭിക്കാൻ നടപടിയെടുത്തിട്ടുണ്ട്. ഓണക്കാലത്ത് വിലവർധന തടയുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും മന്ത്രി പറഞ്ഞു.

വേങ്ങേരി മാർക്കറ്റിൽ സ്ഥിരം ജൈവ പച്ചക്കറി ചന്ത ആരംഭിക്കും. നാളികേരത്തിന്റെ പ്രധാന ഇടമാക്കി ഇതിനെ മാറ്റും. മാർക്കറ്റിലെ മാലിന്യ നിർമാർജന സംവിധാനം വിപുലമാക്കും. കൃഷിസംബന്ധമായ കാര്യങ്ങൾക്കല്ലാതെ മാർക്കറ്റ് ഉപയോഗിക്കുന്നത് അനുവദിക്കില്ല. ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി കൃഷി ഉപയുക്തമാക്കും. വേങ്ങേരി മാർക്കറ്റുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ടിട്ടുള്ള റിപ്പോർട്ടുകൾ ലഭിച്ചുകഴിഞ്ഞാൽ ഉടൻ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അഡ്വ. കെ ജയന്ത് എം.എൽ.എ ഉൾപ്പെടെയുള്ളവർ മന്ത്രിയെ അനുഗമിച്ചു.  

Tags