പച്ചക്കറി സ്വയംപര്യാപ്തതയ്ക്ക് വെജിറ്റബിൾ മിഷൻ ആരംഭിക്കും: മന്ത്രി ടി സിദ്ദിഖ്

T. Siddique MLA's outcry; Disaster victims file complaint

വയനാട് :പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് സംസ്ഥാനത്ത് വെജിറ്റബിൾ മിഷൻ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദിഖ്. വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി കരുവാരത്തൊടിയിൽ അനൂസിന്റെ കൃഷിയിടത്തിൽ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ജനപ്രതിനിധികളുടെ വീടുകൾ, സ്ഥല സൗകര്യമുള്ള പോലീസ് സ്റ്റേഷനുകൾ, സ്‌കൂൾ-കോളേജുകളിൽ പച്ചക്കറിക്കൃഷി വ്യാപിപ്പിക്കും. മണ്ണുപരിശോധന ഉൾപ്പെടെയുള്ള സാങ്കേതിക സഹായങ്ങൾ കൃഷി വകുപ്പ് മുഖേന ലഭ്യമാക്കും. അടുത്ത അധ്യയനവർഷത്തോടെ 5000 സ്‌കൂളുകളിൽ കൃഷി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കഠിനാധ്വാനവും കൃത്യമായ ആസൂത്രണവും ഉണ്ടെങ്കിൽ കൃഷി മികച്ച വരുമാനമാർഗമായി മാറ്റാമെന്നതിന്റെ മാതൃകയാണ് വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി  അനൂസിന്റെ കൃഷിയിടം. 

കൃഷി ആദായകരമല്ലെന്ന് പറയുന്നവർ അനൂസിന്റെ മാതൃക കണ്ടുപഠിക്കണമെന്നും മന്ത്രി പറഞ്ഞു. കീടനാശിനികളുടെ ഉപയോഗം കുറച്ച് ശാസ്ത്രീയ കൃഷിരീതികളും മഞ്ഞ സ്റ്റിക്കി ട്രാപ്പുകളും പ്രയോജനപ്പെടുത്തിയാണ് അനൂസ് കൃഷി നടത്തുന്നത്. കൃഷി വകുപ്പിന്റെ പിന്തുണയും പ്രവർത്തനത്തിന് കരുത്തായി. ഇതിനോടകം ഒന്നരലക്ഷം രൂപയുടെ ചീര ഇവിടെനിന്ന് വിറ്റഴിച്ചു. ഭക്ഷ്യ സുരക്ഷയും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ സുരക്ഷിതമായ ഭക്ഷ്യോത്പാദനത്തിന്റെ ഉത്തരവാദിത്വം ഓരോരുത്തരും ഏറ്റെടുക്കണം. എന്റെ അന്നം എന്റെ ഉത്തരവാദിത്വം എന്ന ബോധ്യം സമൂഹത്തിൽ വളരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാർഥികളിൽ കാർഷികാഭിരുചി വളർത്തുന്നതിന് കതിർ കാർഷിക ക്ലബ്ബുകളുടെ പ്രവർത്തനം വിപുലീകരിക്കും. വിദ്യാർഥികൾക്ക് കൃഷി നേരിട്ട് പരിചയപ്പെടുന്നതിനായി അനൂസിന്റെ കൃഷിയിടം ഉൾപ്പെടെയുള്ള മാതൃകാ ഫാമുകളിലേക്ക് സന്ദർശനം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷിയിടം ഒരുക്കുന്നതിനായി സ്ഥലം വിട്ടുനൽകിയ ഷുക്കൂറിനെയും അനൂസിന്റെ കുടുംബാംഗങ്ങളെയും കൃഷിക്ക് പിന്തുണ നൽകിയ ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായ പരിപാടിയിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി രാജൻ, ആത്മ ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് ഫൈസൽ, ഡെപ്യൂട്ടി ഡയറക്ടർമാരായ ലാൽസുന കൃഷ്ണ, പി പ്രകാശ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.കെ മുഹമ്മദ് ഷഫീഖ്, വൈത്തിരി കൃഷി ഓഫീസർ ടി.എൽ ദിവ്യ, കൃഷി അസിസ്റ്റന്റുമാരായ കെ.എം മുംതാസ്, സി.കെ മഹേഷ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, പ്രദേശവാസികൾ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Tags