കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് പരിഗണിച്ച് കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം: കൃഷിമന്ത്രി ടി. സിദ്ദിഖ്

T. Siddique MLA's outcry; Disaster victims file complaint

കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും പരിഗണിച്ച് 2027 സീസണിൽ കൊപ്രയ്ക്ക് ഗണ്യമായ വർധനവോടെ മിനിമം താങ്ങുവില (MSP) പ്രഖ്യാപിക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് ആവശ്യപ്പെട്ടു. 2027 സീസണിലെ കൊപ്രയുടെ വിലനിർണയവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച 'പ്രൈസ് പോളിസി ഫോർ കൊപ്ര - 2027 സീസൺ' ദക്ഷിണമേഖലാ കൺസൾട്ടേഷൻ യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കമ്മീഷൻ ഫോർ അഗ്രിക്കൾച്ചറൽ കോസ്റ്റസ് ആൻഡ് പ്രൈസസ്  (CACP), സംസ്ഥാന കാർഷിക വില നിർണ്ണയ ബോർഡ്, കാർഷിക വികസന കർഷകക്ഷേമ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് യോഗം സംഘടിപ്പിച്ചത്.

കേരളത്തിലെ പ്രത്യേക കാർഷിക സാഹചര്യങ്ങളും നാളികേര കൃഷിയിലെ വർധിച്ചുവരുന്ന ഉൽപ്പാദനച്ചെലവും കണക്കിലെടുത്ത് കർഷകർക്ക് ന്യായമായ വരുമാനം ഉറപ്പാക്കുന്ന തരത്തിൽ കൊപ്രയുടെ താങ്ങുവില നിശ്ചയിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മന്ത്രി പറഞ്ഞു.  കേരളം രാജ്യത്ത് ഏറ്റവും കൂടുതൽ നാളികേര കൃഷിവിസ്തൃതിയുള്ള സംസ്ഥാനമാണെങ്കിലും ഉൽപ്പാദനക്ഷമത വർധിപ്പിക്കേണ്ട സാഹചര്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. നാളികേര മേഖലയുടെ സമഗ്ര വികസനത്തിനായി വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കിവരികയാണ്. ഇതിന്റെ ഭാഗമായി നാളികേര വികസനത്തിനുള്ള ബജറ്റ് വിഹിതം മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 കാലാവസ്ഥാ വ്യതിയാനം, രോഗബാധ, വളങ്ങളുടെ വിലവർധന, ഉയർന്ന ഉൽപ്പാദനച്ചെലവ്, മൂല്യവർധനയിലെ പരിമിതികൾ, വിപണന വെല്ലുവിളികൾ തുടങ്ങിയ നിരവധി പ്രതിസന്ധികളാണ് സംസ്ഥാനത്തെ നാളികേര കർഷകർ നേരിടുന്നത്. അതിനാൽ ഉൽപ്പാദനം വർധിപ്പിക്കുന്നതിനൊപ്പം സംസ്‌കരണം, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം, ബ്രാൻഡിംഗ്, വിപണനം, കയറ്റുമതി എന്നിവയ്ക്കും കൂടുതൽ പ്രാധാന്യം നൽകി നാളികേര മേഖലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

 കേന്ദ്ര കൃഷിമന്ത്രിയുമായി നടത്തിയ ചർച്ചകളിൽ കേരളത്തിനായി പ്രത്യേക സമഗ്ര നാളികേര പുനരുജ്ജീവന പദ്ധതി (Coconut Rejuvenation Project) നടപ്പാക്കണമെന്നും കോക്കനട്ട് ഡെവലപ്‌മെന്റ് പാർക്ക് സ്ഥാപിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. നാളികേര മേഖലയുടെ വികസനത്തിന് കൂടുതൽ ഊന്നൽ നൽകുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 2-ന് 'കേരാമൃതം' എന്ന പേരിൽ സംസ്ഥാനതല നാളികേര ദിനാഘോഷം വിപുലമായി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

 2027 സീസണിലേക്കുള്ള നാളികേരത്തിന്റെ താങ്ങുവില നിശ്ചയിക്കുമ്പോൾ കേരളത്തിലെ പ്രത്യേക സാഹചര്യങ്ങളും യഥാർഥ ഉൽപ്പാദനച്ചെലവും കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ നിർദേശപ്രകാരം ക്വിന്റലിന് മില്ലിംഗ് കൊപ്രയ്ക്ക് 23,022 ഉം ബോൾ കൊപ്രയ്ക്ക് 24,782 ഉം താങ്ങുവിലയായി നിശ്ചയിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവ് പരിഗണിച്ച് അവർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ താങ്ങുവില ഉയർത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

കൊപ്രയ്ക്ക് പുറമെ തൊണ്ട് കളഞ്ഞ നാളികേരത്തിനും (De-husked Coconut) പ്രത്യേക താങ്ങുവില പ്രഖ്യാപിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വിവിധ ഏജൻസികൾ മുഖേന തൊണ്ട് കളഞ്ഞ നാളികേരം കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്നതിനുള്ള സംവിധാനം രൂപപ്പെടുത്തുന്നതും പരിഗണിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

 തിരുവനന്തപുരം ഗ്രാൻഡ് ചൈത്രം ഹോട്ടലിൽ നടന്ന കൺസൾട്ടേഷൻ യോഗത്തിൽ CACP ചെയർമാൻ പ്രൊഫ. എ. ഗണേഷ് കുമാർ, CACP മെമ്പർ ഒഫീഷ്യൽ ഡോ. പ്രേംചന്ദ്, വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സർക്കാർ പ്രതിനിധികൾ, നാളികേര വികസന ബോർഡ് പ്രതിനിധി ദീപ്തി നായർ, സി.പി.സി.ആർ.ഐ. (CPCRI) പ്രതിനിധികൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (FPO) പ്രതിനിധികൾ, കേരഫെഡ്, നാഫെഡ് പ്രതിനിധികൾ, കേരകേസരി അവാർഡ് ജേതാവ് കെ. കെ. സേവ്യർ ഉൾപ്പെടെയുള്ള കർഷക പ്രതിനിധികൾ, കാർഷിക സംരംഭകർ എന്നിവർ പങ്കെടുക്കുകയും നാളികേര മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കുകയും ചെയ്തു.

 സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് സ്‌പെഷ്യൽ സെക്രട്ടറി ടി.വി. സുഭാഷ്, കൃഷിവകുപ്പ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കൃഷിവകുപ്പ് ഡയറക്ടർ സ്വാഗതം ആശംസിച്ചു. കൃഷി അഡീഷണൽ ഡയറക്ടർ (മാർക്കറ്റിങ്) സിന്ധു എസ്. യോഗത്തിന് നന്ദി രേഖപ്പെടുത്തി.

Tags