സ്ത്രീ ശാക്തീകരണ രംഗത്ത് സംസ്ഥാനം നൽകിയ ഉത്തമ മാതൃകയാണ് കുടുംബശ്രീ: മന്ത്രി ഒ.ആർ കേളു

 Care and support The problems of the country are solved                            -Minister OR Kelu

 
വയനാട് : സ്ത്രീ ശാക്തീകരണ രംഗത്ത് സംസ്ഥാനം നൽകിയ ഉത്തമ മാതൃകയാണ് കുടുംബശ്രീയെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ മൈക്രോപ്ലാൻ പുസ്തക പ്രകാശനവും ധനസഹായ വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പിന്നാക്ക സമൂഹങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമാക്കി സർക്കാരും കുടുംബശ്രീ മിഷനും വിവിധ പദ്ധതികൾ നടപ്പാക്കുന്നതായും അവ ഉപയോഗിക്കണമെന്നും മന്ത്രി നിർദേശിച്ചു.

കുടുംബശ്രീ മുഖേന തിരഞ്ഞെടുക്കപ്പെട്ട മീനങ്ങാടി, മുട്ടിൽ, പനമരം  ഗ്രാമപഞ്ചായത്തുകളിലെഗുണഭോക്താകൾക്കുള്ള ധനസഹായ വിതരണമാണ്നടന്നത്. പണിയ ഉന്നതികൾ കേന്ദ്രീകരിച്ച് ആദിവാസി മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാനും പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കാനുമാണ് മൈക്രോ പ്ലാൻ തയ്യാറാക്കിയത്.

പനമരം പുഴയോരം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം അധ്യക്ഷയായി. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി രഞ്ജിത്ത്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ.പി ജയചന്ദ്രൻ, കുടുംബശ്രീ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ വി.കെ റജീന, പനമരം സിഡിഎസ് ചെയർപേഴ്‌സൺ ജാനകി ബാബു, മുട്ടിൽ സിഡിഎസ് ചെയർപേഴ്‌സൺ ജോഷ്‌ലറാണിഎന്നിവർ സംസാരിച്ചു. തുടർന്ന് പനമരം ഗ്രാമപഞ്ചായത്തിലെ പണിയ വിഭാഗത്തിന്റെ വട്ടകളി, തിരുനെല്ലി കാട്ടുനായ്ക്ക വിഭാഗത്തിന്റെ യമകധ്വനി എന്നീ കലാരൂപങ്ങൾ അരങ്ങേറി.

Tags