വിദ്യാർത്ഥികളെ ആഗോളതലത്തിൽ മത്സര സജ്ജരാക്കാൻ ഗുണനിലവാരമുള്ള വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ അനിവാര്യം: മന്ത്രി എൻ ഷംസുദ്ദീൻ

Shamsudheen minister

വയനാട് : വിദ്യാർത്ഥികളെ ആഗോളതലത്തിൽ മത്സര സജ്ജരാക്കാൻ കാലാനുസൃതമായി ഗുണനിലവാരമുള്ള വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ അനിവാര്യമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിഅഡ്വ എൻ ഷംസുദ്ദീൻ പറഞ്ഞു. മേപ്പാടി ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യൽ എന്റിച്ച്‌മെന്റ്  പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനംനിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ഭൂമി ശാസ്ത്രപരമായ പ്രയാസങ്ങൾ, മാനസിക സംഘർഷങ്ങൾ കാരണം പഠനരംഗത്ത് പിന്നാക്കം പോകുന്ന ഗോത്രവർഗ്ഗ മേഖലയിലെ വിദ്യാർത്ഥികളെ പ്രത്യേകമായി പ്രോത്സാഹിപ്പിച്ച് മുൻനിരയിലേക്ക് ഉയർത്താനുള്ള പ്രത്യേക പദ്ധതിയാണ് സ്‌പെഷ്യൽ എന്റിച്ച്‌മെന്റ്.

 മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ ഉന്നമനം മുൻനിർത്തിയാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മേപ്പാടിയിൽ സംഘടിപ്പിച്ചതെന്നും  മന്ത്രി പറഞ്ഞു. മുൻ  വർഷത്തിൽ സംസ്ഥാനത്തെ 50 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കിയത്. 2026-27 അധ്യയന വർഷത്തിൽ സംസ്ഥാനത്തെ 445 സ്‌കൂളുകളിലേക്കാണ് പദ്ധതി വ്യാപിപ്പിച്ചത്. പദ്ധതി നടത്തിപ്പിനായി  അഞ്ച് കോടി രൂപ ഭരണാനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു. പദ്ധതിയുടെ ഭാഗമായി വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ, ക്യാമ്പുകൾ, നൈപുണി വികസന വർക്ക്‌ഷോപ്പുകൾ, പഠന യാത്രകൾ, ഭൗതിക സാഹചര്യ വികസനം, രക്ഷിതാക്കൾക്ക്  ബോധവത്കരണം എന്നിവ നടപ്പിലാക്കും. എൽ.പി, യു.പി തലത്തിലെ വിദ്യാർത്ഥികൾക്കിടയിൽ ഡിജിറ്റൽ വിദ്യാഭ്യാസം ശക്തമാക്കുന്നതിന് സംസ്ഥാനത്തെ 6,000 സ്‌കൂളുകളിൽ ഡിജിറ്റൽ സ്‌ക്വയറുകൾ സ്ഥാപിച്ചു. ഹെസ്‌കൂളുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റാബോട്ടിക്‌സ് പഠിപ്പിക്കുന്ന എറൈസ്പദ്ധതി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ഗോത്ര മേഖലയിലെ വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന പ്രത്യേക പഠന പരിപോഷണ പദ്ധതിയിലൂടെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടഞ്ഞ് കരിയർ വളർച്ചയ്ക്കാവശ്യമായ പിന്തുണ നൽകാൻ സാധിക്കുമെന്ന് പരിപാടിയിൽ അധ്യക്ഷനായി കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് പറഞ്ഞു. ജില്ലയിലെ ജനസംഖ്യയിൽ 18 ശതമാനത്തിലധികം വരുന്ന ഗോത്ര വിഭാഗത്തിന് പ്രയോജനകരമാകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് മേപ്പാടി സ്‌കൂളിലെ തെരഞ്ഞെടുത്തതിൽ വിദ്യാഭ്യാസ മന്ത്രിയെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയുംമന്ത്രി അഭിനന്ദിച്ചു. സ്‌പെഷ്യൽ എന്റിച്ച്‌മെന്റ് പദ്ധതിയുടെഭാഗമായി സംസ്ഥാനത്തെ 445 സ്‌കൂളുകളിലേക്കുള്ള അഞ്ച് കോടി രൂപ വിതരണ  ഉത്തരവ്  മന്ത്രി എൻ ഷംസുദ്ദീൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസിന് കൈമാറി. പദ്ധതിയുടെ മോഡ്യൂൾ മന്ത്രി ടി സിദ്ദീഖ് ഡയറ്റ് പ്രിൻസിപ്പൽ ഡോ. സെബാസ്റ്റ്യന് നൽകി.

 മേപ്പാടി ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ,പൊതുവിദ്യാഭ്യാസ വകുപ്പ്  അഡീഷണൽ ഡയറക്ടർ സി.എ സന്തോഷ്, ജില്ലാപഞ്ചായത്ത്വൈസ് പ്രസിഡന്റ് ടി ഹംസ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സൽമ മോയിൻ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, വൈസ് പ്രസിഡന്റ് ജോൺ മാത,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി ഷിഹാബ്,അജ്മൽ സാജിത്, മേപ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാധ രാമസ്വാമി, സുനീറ മുഹമ്മദ് റാഫി, ഗ്രാമ പഞ്ചായത്തംഗം പി.സി സൈനബ,സമഗ്രശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ നിസാർ കമ്പ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ ചിത്രലേഖ,വൈത്തിരി ഉപജില്ല എ.ഇ.ഒ കെ ടി അഷ്‌റഫ്, വൈത്തിരി ബി ആർ സി-ബി പി സി അബ്ദുൾലത്തീഫ്,മേപ്പാടി ജി എച്ച് എസ് എസ് പ്രിൻസിപ്പൽ ജി എസ് ശ്രീജ,പ്രഥമാധ്യാപകൻ കെ ആർ ശിവകുമാർ, മേപ്പാടി ജി എൽ പി എസ് പ്രഥമാധ്യാപകൻ കെ സി സലാം,
പിടിഎ പ്രസിഡന്റ് പി കെ റഷീദ്,വെള്ളാർമല ജി വിഎച്ച്എസ് സ്‌കൂൾ  പിടിഎ പ്രസിഡന്റ് ബൈജു, മേപ്പാടി ജി എൽ പി സ്‌കൂൾ എസ് പിടിഎ പ്രസിഡന്റ് പി കെ ജലീൽ,മുണ്ടക്കൈ ജി എൽ പി സ്‌കൂൾ പി ടി എ പ്രസിഡന്റ് പി ഡി ജിജോ, അധ്യാപകകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Tags