വിദ്യാഭ്യാസ പുരോഗതിക്കാവശ്യമായ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കും: മന്ത്രി അഡ്വ എൻ. ഷംസുദ്ദീൻ

shamsudheen

വയനാട് :  ജില്ലയിലെ വിദ്യാഭ്യാസ രംഗത്തെ പുരോഗതിയ്ക്ക് ആവശ്യങ്ങൾ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ എൻ. ഷംസുദ്ദീൻ പറഞ്ഞു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായി നടന്ന യോഗം അവലോകന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ പുരോഗതി, നിലവിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ, വികസന പദ്ധതികളിലെ  വെല്ലുവിളികൾ എന്നിവ മന്ത്രി യോഗത്തിൽ വിലയിരുത്തി. സംസ്ഥാനത്ത് പ്ലസ് വൺ സിറ്റുകളിലേക്ക് 120 അധിക സീറ്റുകളാണ് സർക്കാർ അനുവദിച്ചത്. ജില്ലയിൽ ഹയർസെക്കൻഡറി വിഭാഗത്തിന് ആവശ്യമായ ബാച്ചുകൾ നിലവിലുണ്ടെന്നും തദ്ദേശീയരായ വിദ്യാർത്ഥികളെ  പരിഗണിച്ച്  ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ്, സയൻസ് ബാച്ചുകൾ പുന ക്രമീകരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെ സർക്കാർ-എയ്ഡഡ് മേഖലയിലെ സ്‌കൂളുകൾ അപ്പർ പ്രൈമറി വിദ്യാലയങ്ങളായി ഉയർത്താൻ നടപടി സ്വീകരിക്കുമെന്നും സ്‌കൂളുകളുടെ കൃത്യമായ വിവിരങ്ങൾ ഉദ്യോഗസ്ഥരോട് ലഭ്യമാക്കാനും മന്ത്രി നിർദേശിച്ചു.  

വിദ്യാഭ്യാസ മേഖലയിലെ  മികച്ച ഭരണ സൗകര്യത്തിന് രണ്ട് ഉപജില്ലകൾ, ഒരരു വിദ്യാഭ്യാസ ജില്ല എന്നിവ പുതുതായി അനുവദിക്കാനും ഗോത്രവിഭാഗം വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ സ്‌കൂളുകളോട് ചേർന്ന് ഹോസ്റ്റൽ സൗകര്യങ്ങൾ ഒരുക്കൽ, ഗോത്രബന്ധു അധ്യാപകരുടെ നിയമനം വേഗത്തിലാക്കൽ, വിദ്യാഭ്യാസ ഓഫീസർമാർക്ക് ഔദ്യോഗിക യാത്രാ വാഹനങ്ങൾ അനുവദിക്കണം തുടങ്ങിയ വിഷയങ്ങൾ ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ഉദ്യോഗസ്ഥരുടെ‍ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന്  മന്ത്രി വ്യക്തമാക്കി. നൂറുദിന കർമ്മ പദ്ധതിയിലുൾപ്പെടുത്തി വിവിധ സ്‌കൂളുകളിൽ നടപ്പാക്കുന്ന കൂടെ, കായിക മിത്രം, അക്വാഫിറ്റ്, റിസോൾവ്, സുപഫം തുടങ്ങിയ പദ്ധതികളുടെ പുരോഗതി  മന്ത്രി വിലയിരുത്തി.

വിദ്യാഭ്യാസ മേഖലയുടെ സമഗ്ര ഭൗതിക വികസനം, പഠനനിലവാര ഉയർച്ചയ്ക്കായി ജില്ലാ പഞ്ചായത്ത് പ്ലാൻ ഫണ്ടിനത്തിൽ 10 കോടി രൂപ വകയിരുത്തിയതായി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പറഞ്ഞു. ഗോത്രവർഗ്ഗ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്ന ഗോത്രദീപ്തി, സീറോ ഡ്രോപ്പ് ഔട്ട്, ശാസ്ത്രീയ പഠന പിന്തുണ ഉറപ്പാക്കുന്ന വിജ്ഞാൻ ജ്യോതി, കായിക ശാക്തീകരണത്തിനായി വൺ സ്‌കൂൾ വൺ ഗെയിം പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ് അറിയിച്ചു. കിടപ്പിലായ കുട്ടികൾക്കായി 'ചങ്ങാതിക്കൂട്ടം' സൗഹൃദക്കൂട്ടായ്മകൾ, സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ജില്ലയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതി സംബന്ധിച്ച് ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ. എം സെബാസ്റ്റ്യൻ അവതരണം നടത്തി.  കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ വി. ചെൽസസിനി, വിദ്യാഭ്യാസ വകുുപ്പ് അഡീഷണൽ ഡയറക്ടർ  സി.എ സന്തോഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ ചിത്രലേഖ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സൽമ മോയിൻ, ഡയറ്റ്-എസ്.എസ്.കെ ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Tags